വടക്കഞ്ചേരി: കൃഷിയെയും മണ്ണിനെയും സംരക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കണ്ണമ്പ്ര പഞ്ചായത്ത്. മഴവെള്ളപ്പാച്ചിലിലും വെള്ളപ്പൊക്കത്തിലും തകർന്ന പാടവരമ്പുകൾ സംരക്ഷിച്ച് കർഷകർക്ക് കൈത്താങ്ങൊരുക്കുന്ന പദ്ധതിക്ക് തുടക്കമായി. തൊഴിലുറപ്പ് തൊഴിലാളികൾ മുഖേനയാണ് വരമ്പുകൾ നന്നാക്കുന്നത്. കണ്ണമ്പ്ര പഞ്ചായത്ത് പരിധിയിലെ 13 പാടശേഖര സമിതികളിലെ നെൽകർഷകർക്കാണ് ഇതുവഴി ഗുണം ലഭിക്കുക.

വെള്ളപ്പാച്ചിലിൽ പൊട്ടിപ്പൊളിഞ്ഞ വയൽവരമ്പുകൾ നന്നാക്കിയെടുക്കാൻ കർഷകർക്ക് കൂലിച്ചെലവിനത്തിൽ നല്ല തുകയാണ് ചെലവാകുക. അതൊഴിവാകുകയാണ് തൊഴിലുറപ്പ്  പദ്ധതിയിലൂടെ. പാടവരമ്പ് നന്നാക്കുന്നതോടെ രണ്ടാം വിളയ്ക്ക് പരമാവധി ജലം വയലുകളിൽ സംഭരിച്ചു നിർത്താൻ കഴിയും. അതിലൂടെ ജലസംരക്ഷണ പ്രവർത്തനമാണ് ലക്ഷ്യം നേടുന്നതെന്ന് കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഡി.രജിമോൻ പറഞ്ഞു.

മംഗലംഡാം കനാൽ വെള്ളത്തെയും മഴയെയും മാത്രം ആശ്രയിച്ച് കൃഷിയിറക്കുന്ന പാടശേഖരങ്ങളാണെല്ലാം. 425 ഹെക്ടർ കൃഷിയാണ് 13 പാടശേഖരങ്ങളിലായുള്ളത്. ശരാശരി 23,375 ക്വിന്റൽ നെല്ലാണ് ഉല്പാദനം. പാടവരമ്പ് നന്നാക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിയിൽ 53 ലക്ഷം വകയിരുത്തി. 17,600 തൊഴിൽ ദിനങ്ങളാണ് ലഭ്യമായത്. പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഡി.രജിമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.വനജകുമാരി അദ്ധ്യക്ഷത വഹിച്ചു. എം.ചെന്താമരാക്ഷൻ, സതീഷ്, സുധാമൻ, എസ്.സുനിത, ഗംഗാധരൻ എന്നിവർ സംസാരിച്ചു.