അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്ന് ചക്കുരൽപ്രദേശത്ത് ഒമ്പതംഗ കാട്ടാനകൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഒരാഴ്ചയായി മുണ്ടക്കുന്നിലെ സ്വകാര്യ തോട്ടങ്ങളിൽ കാട്ടാനകൾ തമ്പടിക്കുകയാണ്. പടക്കം പൊട്ടിച്ചും മറ്റും കാട് കയറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും രാത്രിയിൽ കൂട്ടത്തോടെ കാടിറങ്ങിയാണ് കൃഷി നശിപ്പിക്കുന്നത്.
മൂന്നുദിവസമായി കോട്ടപ്പള്ള അങ്ങാടിയോട് ചേർന്ന പ്രദേശത്ത് രാവിലെ മെയിൻ റോഡിനോട് ചേർന്ന് ആനകൾ നിലയുറപ്പിച്ചിരുന്നു. രാത്രിയിൽ മുണ്ടക്കുന്നിലേക്ക് ആളുകൾ യാത്ര ചെയ്യുന്നത് ഭയപ്പാടോടെയാണ്.
ചക്കംതൊടി അബ്ദുസലാം, നാഗമ്പ്രാത്ത് ബാലചന്ദ്രൻ, ചക്കംതൊടി ഉസ്മാൻ, ചക്കം തൊടിയൂസഫ് ഹാജി, നാഗമ്പ്രാത്ത് അപ്പുണ്ണി തരകൻ, പടിഞ്ഞാറും വീടിൽ രവിശങ്കർ, കുണ്ടുകണ്ടത്തിൽ നാപ്പൻകുട്ടി, കുണ്ടുകണ്ടത്തിൽ ശിവശങ്കരൻ എൻ.ഉണ്ണികൃഷ്ണൻ എന്നിവരുടെ വാഴ, തെങ്ങ്, കവുങ്ങ്, കൊക്കോ, റബ്ബർ കൃഷിയാണ് ആനകൾ നശിപ്പിച്ചത്.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.റഫീഖ, പഞ്ചായത്തംഗം സി.മുഹമ്മദാലി, കെ.ടി.ഹംസപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി.ഫിറോസ്, ജെ.കെ.സുധിൻ, ഫോറസ്റ്റ് വാച്ചർമാരായ എ.കെ.മൊയ്തീൻ, ടി.ബാബു, പി.സുധീഷ്, ഡി.ആർ.ഗോപാലകൃഷ്ണൻ എ.സുരേഷ് എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.