cast-certificat

ശ്രീകൃഷ്ണപുരം: ആദിവാസികളായി പിറന്നുവീണതാണോ തങ്ങളുടെ തെറ്റ്? ജാതി തിരിച്ചറിയാത്തതും അത് രേഖയിൽ ഇല്ലാത്തതും മൂലം ലഭിക്കേണ്ട ആനുകൂല്യങ്ങളെല്ലാം മുടങ്ങി താൽക്കാലികമായി നിർമ്മിച്ച ഷെഡിൽ ദുരിതത്തിൽ കഴിയുന്ന ചന്ദ്രനും കുടുംബവും ചോദിക്കുന്നു.

കരിമ്പുഴ ആറ്റാശേരി കൊങ്ങൻപാറ പുറംപോക്കിൽ താമസിക്കുന്ന മലയൻ ഊരാളി വിഭാഗത്തിൽ പെട്ട ആദിവാസികളായ ചന്ദ്രനും കുടുംബവുമാണ് റവന്യൂ അധികൃതരുടെ അനാസ്ഥയിൽ ജാതി സർട്ടിഫിക്കറ്റ് ലഭിക്കാതെ രണ്ടു പതിറ്റാണ്ടിലധികമായി ദുരിത ജീവിതം തള്ളിനീക്കുന്നത്. ഭാര്യ ലക്ഷ്മിയും മക്കളായ  രാജേഷും ലക്ഷ്മിയും അടങ്ങുന്നതാണ് ചന്ദ്രന്റെ കുടുംബം. തേൻ ശേഖരിച്ച് വില്പന നടത്തിയാണ് ഇവരുടെ ഉപജീവനം.

ആദ്യം തച്ചനാട്ടുകര തൊടുക്കാപ്പിൽ താമസിച്ചിരുന്ന ഇവർ ചന്ദ്രന്റെ അച്ഛന്റെ മരണത്തോടെ അവിടെ നിന്ന് മാറി. നാടോടികളായി പുഴയോരത്തും മലയടിവാരത്തും താമസമാക്കി. കഴിഞ്ഞ 20 വർഷമായി ആറ്റാശേരി കൊങ്ങൻപാറയിൽ പുറമ്പോക്കിലാണ്. ഇവരുടെ അവസ്ഥ കണ്ട് പൊതുപ്രവർത്തകനായ പി.പി.അബ്ബാസ് താൽകാലിക ഷെഡ് നിർമ്മിച്ചു നൽകുകയും റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയെല്ലാം ശരിയാക്കി നൽകുകയും ചെയ്തു.

മക്കൾ രണ്ടുപേരും കാവുണ്ട സ്‌കൂളിൽ പഠിക്കുന്നു. എന്നാൽ ഇവർക്ക് ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തത്തിനാൽ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നില്ല. സർട്ടിഫിക്കറ്റിനായി കരിമ്പുഴ, തച്ചനാട്ടുകര വില്ലേജ് ഓഫീസർമാരെ സമീപിച്ചെങ്കിലും നൽകാൻ തയ്യാറായില്ല. രണ്ട് വില്ലേജ് ഓഫീസർമാരും തങ്ങൾക്ക് ഇതിന് അധികാരമില്ലെന്ന വാദമാണ് നിരത്തുന്നത്.

നേരത്തെ തച്ചനാട്ടുകര തൊടുകാപ്പിൽ എത്തിയ ഇവർ നാടോടികളെന്നെന്നും ഇവിടെ എത്തിയതിന് രേഖകളില്ലെന്നുമാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കം ഉന്നത അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടിയില്ല.