നെല്ലിയാമ്പതി: പ്രളയത്തിനും ഉരുൾപൊട്ടലിനും ശേഷം വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ നെല്ലിയാമ്പതിയിലെ ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവർ ഏറെ പ്രതിസന്ധിയിൽ. ചെറുകിട കച്ചവടക്കാർ, ടാക്സി ഡ്രൈവർമാർ, ഹോട്ടൽ, ലോഡ്ജ് ഉടമകൾ തുടങ്ങിയവരാണ് വരുമാനം ഇല്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഷ്ടപ്പെടുന്നത്.
മഴയെ തുടർന്ന് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയത് പിൻവലിച്ചെങ്കിലും ആളുകൾ വന്നുതുടങ്ങിയിട്ടില്ല. വിരലെണ്ണാവുന്ന സഞ്ചാരികൾ പോലും ഇപ്പോഴില്ല. റോഡുകൾ പൂർണമായും ഗതാഗത യോഗ്യമാക്കാത്തതിനാൽ ബൈക്കുകളിലും കാർ, ജീപ്പ് എന്നിവയിലും മാത്രമേ ഇവിടേക്ക് പോകുവാൻ കഴിയൂ.
മണ്ണിടിച്ചൽ തുടരുന്നതിനാൽ എസ്റ്റേറ്റ് മേഖലകളിലേക്ക് ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നെത്താനാവുന്നില്ല. ചന്ദ്രമല, എ.വി.ടി എന്നിവിടങ്ങളിലേക്കുള്ള കൽ22ക്കരി, വിറക് തുടങ്ങിയവ എത്തിക്കാനും പ്രയാസമേറെ. കാരപ്പാറ, ബ്രൂട്ട്‌ലാന്റ്, പകുതിപ്പാലം, ഒാറിയന്റൽ, അലക്സാൻഡ്രിയ തുടങ്ങിയ എസ്റ്റേറ്റുകളിലെ സ്ഥിതിയും ഇതുതന്നെ.
ബസ് സർവീസ് ഇല്ലാതായതോടെ നെന്മാറയിലെത്താൽ ഏറെ ക്ളേശിക്കണം. വിനോദ സഞ്ചാരികൾ ഇല്ലാതായതോടെ ടാക്സിക്കാരും ഒാട്ടം നിറുത്തി. നിലവിൽ രണ്ട് ടാക്സി ജീപ്പുകളാണ് സർവീസ് നടത്തുന്നത്. മിനിമം പത്തുപേരെങ്കിലും ഉണ്ടെങ്കിലേ ഇവർ ഓട്ടത്തിന് തയ്യാറാകൂ. ഒരാൾക്ക് 50 രൂപയും ഈടാക്കും.
റോഡുകൾ ഉടൻ നന്നാക്കണം
നെല്ലിയാമ്പതിയിലെ റോഡുകൾ പൂർണമായും ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകും. നെന്മാറ പി.ഡബ്ല്യുയു.ഡി ഒാഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
-പി.ഒ.ജോസഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്
ഭീതി വേണ്ട
ഉരുൾ പൊട്ടിയതിന്റെ ഭീതിയിലാണ് സഞ്ചാരികൾ നെല്ലിയാമ്പതിയിലേക്ക് വരാൻ മടിക്കുന്നത്. നിലവിൽ സഞ്ചാരികൾക്ക് ഉണ്ടായിരുന്ന യാത്രാ വിലക്ക് പിൻവലിച്ചിട്ടുണ്ട്.
-പ്രേമൻ, പഞ്ചായത്ത് പ്രസിഡന്റ്, നെന്മാറ