klnkde-bommakkolu
നവരാത്രിയെ വരവേൽക്കാനായി കൊല്ലങ്കോട് മേട്ടുപാളയം പുതുഗ്രാമത്തിൽ ഗുഹൻ ഗുരുക്കളുടെ വീട്ടിൽ ഒരുക്കിയ ബൊമ്മക്കൊലു

 

കൊല്ലങ്കോട്: നവരാത്രി കാലത്തിന്റെ പുണ്യമായി ജില്ലയിലെ അഗ്രഹാരങ്ങളിൽ ബൊമ്മക്കൊലു ഒരുങ്ങി. മഹിഷാസുരനെ വധിക്കുന്നതിനായി ദേവിയുടെ ശക്തിയായ ഒമ്പത് ഭാവങ്ങൾ രൂപം കൊണ്ടതാണ് നവരാത്രി എന്നാണ് ഐതിഹ്യം. ഒമ്പത് ദിവസങ്ങളിലായുള്ള ദേവിയുടെ ഓരോ ഭാവത്തെയും പൂജിക്കുന്നതിനാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.

പ്രത്യേകം പട്ടുവിരിച്ച് അഞ്ച്, ഏഴ്, ഒമ്പത് എന്നിങ്ങനെ തട്ടുകളായാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.ഏറ്റവും മുകളിലായി ശിവ-പാർവതി, ബ്രഹ്മാവ്, വിഷ്ണു, അഷ്ടലക്ഷ്മി എന്നിവരും തുടർന്ന് നവദുർഗയും സംഗീത മൂർത്തികളും ഇതിനെ താഴെ ദശാവതാരത്തിലെ വിവിധ രൂപങ്ങളും പിന്നീട് രാമായണം, ശിവപാർവതി കല്യാണം, സുബ്രഹ്മണ്യൻ, ഏറ്റവും താഴെ കല്യാണ കോലങ്ങൾ എന്നിങ്ങനെയാണ് ബൊമ്മക്കൊലു ഒരുക്കുക.

മൺരൂപങ്ങളിൽ പ്രത്യേകമായി നിറം നൽകി ഭംഗിയിൽ നിരത്തിയും മൺപാത്രങ്ങൾ, കൃഷ്ണനും ഗോപികയും വൃന്ദാവനത്തിൽ കളിക്കുന്നത്, രാജസഭ, വീട്ടുപകരണങ്ങൾ, രക്തചന്ദനം കൊണ്ടുണ്ടാക്കിയ മേശ-കസേര ഉപകരണങ്ങൾ എന്നിവയോടൊപ്പം പച്ചരി, ഉപ്പ്, പരിപ്പ്, ഉഴുന്ന്, പഞ്ചസാര, നവധാന്യങ്ങൾ എന്നിവ നിരത്തിയതിന് മുന്നിൽ കലശവും നിലവിളക്കും വെച്ച് ഒമ്പത് ദിവസം പൂജയും നടത്തി വരുന്നു.

ബൊമ്മക്കൊലു കാണാൻ വരുന്ന ഭക്തർക്ക് നവധാന്യം കൊണ്ടുള്ള പ്രസാദം നൽകും. ദേവിയുടെ രൂപഭേദങ്ങളിൽ ദുർഗാഷ്ഠമി, മഹാനവമി, വിജയദശമി ദിവസങ്ങൾ ഏറെ പ്രാധാന്യമുള്ളതാണ്. മഹാനവമി നാളിൽ ആയുധപൂജയും വിജയദശമിയിൽ എഴുത്തിനിരുത്തും സരസ്വതീ പൂജയും നടക്കും.

 

നവരാത്രിയെ വരവേൽക്കാനായി കൊല്ലങ്കോട് മേട്ടുപാളയം പുതുഗ്രാമത്തിൽ ഗുഹൻ ഗുരുക്കളുടെ വീട്ടിൽ ഒരുക്കിയ ബൊമ്മക്കൊലു