അഗളി: അട്ടപ്പാടി കോട്ടത്തറയിൽ സോളാർ പാനൽ പദ്ധതി വഴി അര മെഗാവാട്‌സ് വൈദ്യുതി നിർമ്മിക്കാനൊരുങ്ങി ജില്ലാ പഞ്ചായത്ത്. കോട്ടത്തറയിലുള്ള ഗോട്‌സ് ഫാമിന്റെ രണ്ടര ഏക്കർ സ്ഥലത്താണ് കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്.
ഇതുപ്രകാരം നിർമ്മിക്കുന്ന വൈദ്യുതി വാണിജ്യാടിസ്ഥാനത്തിൽ കെ.എസ്.ഇ.ബിക്ക് കൈമാറും. 2.40 കോടി രൂപയാണ് ആദ്യഘട്ടത്തിന് മാറ്റിവെയ്ക്കുന്നത്. കെ.എസ്.ഇ.ബി അധികൃതർ പരിശോധന പൂർത്തിയാക്കി. പദ്ധതിയുടെ വിശദമായ രേഖ 27ന് ജില്ലാ പഞ്ചായത്തിന് കൈമാറും. ഭരണ സമിതി അന്തിമ തീരുമാനമെടുക്കും. സോളാർ പാനൽ സ്ഥാപിക്കുന്നതടക്കമുള്ള പ്രവർത്തനം നടത്തി അഞ്ച് മാസത്തിനുള്ളിൽ പദ്ധതി ആരംഭിക്കാനാണ് നീക്കം. ജില്ലയിൽ ഒരു തദ്ദേശ സ്ഥാപനം ആദ്യമായാണ് ഇത്രയും വലിയ സോളാർ പദ്ധതി ആരംഭിക്കുന്നത്.
നിർമ്മാണം ഹെലിപ്പാഡിൽ
സോളാർ പദ്ധതി നടപ്പാക്കുന്നത് അട്ടപ്പാടിയിലെ ഏക ഹെലിപ്പാഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ്. നിലവിൽ രണ്ടുതവണയാണ് ഹെലിപ്പാട് ഉപയോഗിച്ചത്. 1985ൽ സൈലന്റ് വാലി സന്ദർശനത്തിന് രാജീവ് ഗാന്ധി എത്തിയതിനോടനുബന്ധിച്ചാണ് ഹെലിപ്പാട് നിർമ്മിച്ചത്. 2002ൽ അഹാഡ്‌സിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനായി എ.പി.ജെ അബ്ദുൾ കലാം എത്തിയതും ഇതുവഴിയാണ്.
ആടുമേയലിന് സ്ഥലം പര്യാപ്തമല്ലാത്തതിനാൽ സ്ഥലം പുതിയ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് കോട്ടത്തറ ഗോട്‌സ് ഫാം അധികൃതർ അറിയിച്ചു.