pkd-sabarimala
പാലക്കാട് ഐ എം എ ജംഗ്ഷനിൽ ശബരിമല കർമസമിതി നടത്തിയ ഉപരോധ സമരം

പാലക്കാട്: ശബരിമല സ്ത്രീ വിഷയത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ 13 കേന്ദ്രങ്ങളിൽ റോഡ് ഉപരോധിച്ചു. പാലക്കാട് ഐ എം എ ജംഗ്ഷനിൽ നടന്ന റോഡ് ഉപരോധത്തിൽ ബി ജെ പി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് അഡ്വ കൃഷ്ണദാസ്, നഗരസഭാദ്ധ്യക്ഷ പ്രമീള ശശിധരൻ, കൗൺസിലർ വി നടേശൻ എന്നിവർ നേതൃത്വം നൽകി.

ബി ഒ സി റോഡിൽ നിന്ന് ജാഥയായി വന്നാണ് പ്രവർത്തകർ റോഡ് ഉപരോധം നടത്തിയത്. കഞ്ചിക്കോട് സ്‌കൂൾ ജംഗ്ഷൻ, ഒലവക്കോട്, പറളി ചെക്ക് പോസ്റ്റ്, കൊഴിഞ്ഞമ്പാറ, ചിറ്റൂർ, കൊല്ലങ്കോട്, കൊടുവായൂർ, ആലത്തൂർ, വടക്കഞ്ചേരി, കുറ്റനാട്, പട്ടാമ്പി, കൊപ്പം, ഒറ്റപ്പാലം, ചെർപ്പുളശേരി, തിരുവാഴിയോട്, മണ്ണാർക്കാട്, അട്ടപ്പാടി തുടങ്ങി വിവിധ കേന്ദ്രങ്ങളിലും റോഡ് ഉപരോധം നടന്നു.

രാവിലെ 11 മുതൽ 12 വരെ നടന്ന ഒരു മണിക്കൂർ ഉപരോധ സമരത്തിൽ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. സേവ് ശബരിമല എന്ന ബാനറുമായി നാമജപത്തോടെ എത്തിയ സ്ത്രീകളടക്കമുള്ള നൂറുകണക്കിനാളുകൾ സമരത്തിൽ അണിനിരന്നു. ശബരിമല സ്ത്രീ പ്രവേശന വിധി പുനഃപരിശോധിക്കുക, വിധി അസ്ഥിരപ്പെടുത്താൻ നിയമ നിർമ്മാണം നടത്തുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചാണ് കർമ്മ സമിതി സമരം നടന്നത്. എല്ലാ കേന്ദ്രങ്ങളിലും കനത്ത പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.