പാലക്കാട്: പറമ്പിക്കുളത്തെയും നെല്ലിയാമ്പതിയിലെയും യാത്രാദുരിതം പരിഹരിക്കാൻ നിർദ്ദിഷ്ട ചെമ്മണാപതി - തേക്കടി റോഡ് യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രളയത്തെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും രണ്ടിടത്തെയും റോഡുകൾ പൂർണമായും തകർന്നിരുന്നു. ശേഷം ഹെലികോപ്ടർ മാർഗമാണ് അടിയന്തര ചികിത്സവേണ്ടവരെ നെന്മാറയിലേക്കും പാലക്കാട്ടേക്കും എത്തിച്ചത്.

പറമ്പിക്കുളം കേരളത്തിന്റെ ഭാഗമാണെങ്കിലും പൊള്ളാച്ചി ആനമല വഴിയേ എത്താനാകു. നെല്ലിയാമ്പതിയിലെത്താൻ ചുരം റോഡല്ലാതെ മറ്റ് മാർഗവുമില്ല. നിർദ്ദിഷ്ട ചെമ്മണാപതി റോഡ് യാഥാർത്ഥ്യമായാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് അധികൃതർ തന്നെ വ്യക്തമാക്കുന്നു.

മുതലമട പഞ്ചായത്തിലാണ് പറമ്പിക്കുളം. വിവിധ കോളനികളിലായി 1,590 പേരുണ്ട്. കൂടാതെ വനം,പൊലീസ്, വൈദ്യുതി, ജലസേചനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമുണ്ട്. ഇവർ പറമ്പിക്കുളത്തെത്തുന്നത് ഗോവിന്ദാപുരത്തോ ചമ്മണാംപതിയിലോ എത്തിയശേഷം തമിഴ്‌നാട്ടിലെ സേത്ത്മടവഴി 69 കിലോമീറ്റർ യാത്ര ചെയ്താണ്. തമിഴ്‌നാട് സർക്കാരിന്റെ ഒരുബസ് പൊള്ളാച്ചിയിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്. തുടർന്നുള്ള യാത്രയ്ക്ക് ജീപ്പിനെ ആശ്രയിക്കണം. തേക്കടിയിലെ കോളനിവാസികൾ വനപാതയിലൂടെ പത്ത് കിലോമീറ്റർ നടന്നാണ് ചമ്മണാംപതി ചെക്ക് പോസ്റ്റിൽ എത്തുന്നത്. തുടർന്ന് ബസ് മാർഗം കൊല്ലങ്കോട് എത്തി അവശ്യസാധനങ്ങൾ വാങ്ങി മടങ്ങിപ്പോകും. ബദൽ റോഡ് വന്നാൽ ഇവർക്ക് വലിയ ആശ്വാസമാകും.

തേക്കടിയിൽ നിന്ന് ചമ്മണാംപതിവരെ വനപാതയുണ്ട്. 1912ൽ വനം രേഖകളിൽ അത് വ്യക്തമാണ്. അന്ന് കുതിരപ്പുറത്ത് യാത്ര ചെയ്യാനും കാൽനടയ്ക്കുമാണ് പാത ഉപയോഗിച്ചിരുന്നത്. തേക്കടിയിൽ നിന്ന് എട്ടുകിലോമീറ്റർ ഫയർ ബെൽട്ട് നിർമ്മിച്ച പാതയിലൂടെ ജീപ്പുകൾക്ക് യാത്ര ചെയ്ത് വെള്ളക്കൽത്തട്ടയിലെത്താം. തുടർന്ന് കുത്തനെയുള്ള രണ്ട് കിലോമീറ്റർ കയറ്റിറക്കത്തിൽ മൂന്ന് ഹെയർപിൻ വളവുകളോടെ റോഡ് നിർമിച്ചാൽ മലയടിവാരത്ത് എത്താനും തുടർന്ന് നിലവിലെ റോഡിലൂടെ യാത്ര തുടരാനും കഴിയും. മരങ്ങളോ പാറക്കൂട്ടങ്ങളോ ഇല്ലാത്തതിനാൽ മഴക്കാലത്തും യാത്രാപ്രശ്നം ഉണ്ടാകില്ല. ഈ സ്ഥലങ്ങളെല്ലാം സംസ്ഥാന വനംവകുപ്പിന് കീഴിലാണ്. ഈ റോഡിലൂടെ തേക്കടിയിൽ നിന്ന് 28 കിലോമീറ്റർ വനപാതയിലൂടെ യാത്ര ചെയ്താൽ പെരിയചോല - ആനമട - മിന്നാംപാറ വഴി നെല്ലിയാമ്പതിയിലെത്താം. ചമ്മണാംപതി - തേക്കടി റോഡ് യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ച് സർക്കാർതലത്തിൽ ചർച്ച നടത്തുന്നുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.