പാലക്കാട്: 'പാലക്കാടിനെ സമ്പൂർണ മാലിന്യ മുക്തമാക്കുക' എന്ന കാമ്പയിനിന്റെ ആദ്യഘട്ടമെന്നോണം ഹരിത കേരളം മിഷൻ- ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിൽ നിന്നും അഞ്ച് ടൺ ഇ-മാലിന്യം ശേഖരിച്ചു നീക്കി.
ജില്ലാ വ്യവസായ കേന്ദ്രം, ക്ഷീര വികസന വകുപ്പ്, ജില്ലാ പ്ലാനിങ് ഓഫീസ്, ഡെപ്യൂട്ടി ഡയറക്ടർ നാഷണൽ സേവിങ്‌സ്, ഐ.സി.ഡി.എസ് പ്രോഗ്രാം സെൽ, ലീഗൽ മെട്രോളജി, സാമ്പത്തിക-സ്ഥിതി-വിവരണ-കണക്ക്, പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിഭാഗം), ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോ) എന്നീ ഓഫീസുകളിലെ ഇ-മാലിന്യമാണ് ക്ലീൻ കേരളാ കമ്പനിക്ക് കൈമാറിയത്.
ജില്ലയെ അടുത്ത ജനുവരി 26നകം സമ്പൂർണ മാലിന്യ മുക്തമാക്കി മാറ്റുകയാണ് കാമ്പയിനിന്റെ ലക്ഷ്യം. സിവിൽ സ്റ്റേഷനിൽ നിന്നും ശേഖരിക്കുന്ന ഇ-മാലിന്യം കഞ്ചിക്കോട് പ്രവർത്തിക്കുന്ന അംഗീകൃത കളക്ഷൻ ഏജൻസിയായ എർത്ത് സെൻസിന് കൈമാറി പുനർചംക്രമണത്തിന് ഹൈദരാബാദിലേക്ക് അയയ്ക്കും.