പാലക്കാട്: രണ്ടര മാസമായി അടച്ചിട്ട മുനിസിപ്പൽ സ്റ്റാന്റിൽ നിന്ന് ബസ് സർവീസ് പുനഃരാരംഭിക്കാൻ നഗരസഭാ അധികൃതർക്ക് പുറമേ സ്ഥലം എം.പിയും ഇടപെട്ടിട്ടും ഇന്നലെ മുതൽ ഓടിത്തുടങ്ങിയത് നാമമാത്രമായ ബസുകൾ മാത്രം. ചെർപ്പുളശേരി ഭാഗത്തേക്കുള്ള 20 ബസുകൾ മാത്രമാണ് ഇന്നലെ സ്റ്റാന്റിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ യാത്രക്കാർ വളരെ കുറവായിരുന്നു.
എല്ലാ ബസുകളും സ്റ്റാന്റിൽ നിന്ന് സർവീസ് പുനഃരാരംഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം ബസുടമകളുമായി നടന്ന ചർച്ചയ്ക്ക് ശേഷം എം.ബി.രാജേഷ് എം.പി അറിയിച്ചത്. എന്നാൽ ഇക്കാര്യം അറിയില്ലെന്ന നിലപാടാണ് ഒരു വിഭാഗം സംഘടനാ പ്രതിനിധികൾ കൈക്കൊണ്ടത്. യാത്രക്കാരും വ്യാപാരികളും അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് എം.പി യോഗം വിളിച്ചത്.
വിഷയത്തിൽ ബസുടമകൾ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവ് പ്രകാരം മാത്രമേ സർവീസ് നടത്താനാകൂവെന്നാണ് ഭൂരിഭാഗം ബസുടമകളുടെയും തീരുമാനം. അതുവരെ സ്റ്റേഡിയം സ്റ്റാന്റിൽ നിന്നാകും സർവീസ്.
ആഗസ്റ്റ് ആദ്യം സ്റ്റാന്റിന് സമീപത്തെ കെട്ടിടം തകർന്നതിനെ തുടർന്നാണ് ബസ് സർവീസ് നിറുത്തി വച്ചത്. ബസ് സ്റ്റാന്റ് കെട്ടിടവും കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലാണ്. കെട്ടിടം വേലികെട്ടി തിരിച്ച് മതിയായ സുരക്ഷയൊരുക്കിയെന്ന് നഗരസഭ അവകാശപ്പെട്ടെങ്കിലും ബസുടമകൾ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു.
ഉത്തരവ് വരട്ടെ
വിഷയത്തിൽ കോടതി ഉത്തരവ് പ്രകാരം മുന്നോട്ട് പോകും. ഇന്നലെ സ്റ്റാന്റിൽ നിന്ന് സ്വന്തം നിലപാട് അനുസരിച്ചാണ് ബസുകൾ സർവീസ് നടത്തിയത്. -ആർ.മണികണ്ഠൻ, ജോയിന്റ് സെക്രട്ടറി, പ്രൈവറ്റ് ബസ് ഒാപ്പറേറ്റേഴ്സ് ഒാർഗനൈസേഷൻ
ബസ് സർവീസ് ഇങ്ങനെ
- പ്രധാനമായും കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശേരി, കോട്ടായി റൂട്ടുകളിലെ ബസുകൾ
170- സർവീസ് നടത്തിയിരുന്ന ആകെ ബസുകൾ
20- ചെർപ്പുളശേരി ബസുകൾ ഇന്നലെ സർവീസ് പുനഃരാരംഭിച്ചു