പാലക്കാട്: ഭിന്നലിംഗക്കാർ സമൂഹത്തിൽ നിന്ന് മാറ്റിനിർത്തേണ്ടവരെല്ലെന്നും അവർക്കും സ്ത്രീ, പുരുഷ വിഭാഗങ്ങളെ പോലെ സ്ഥാനമുണ്ടെന്ന് ഗവ. വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ സഫിയ ബീവി പറഞ്ഞു. കോളേജിലെ വുമൺസ് ഡെവലെപ്പ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭിന്നലിംഗ വ്യക്തത്വമുള്ളവരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ.
എല്ലാവർക്കും ഉള്ളതുപോലുള്ള വികാരങ്ങൾ ഭിന്നലിംഗക്കാർക്കും ഉണ്ടെന്നും സമൂഹം അവരെ ഒറ്റപ്പെടുത്തുന്ന സാഹചര്യങ്ങൾ മാറേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി പ്രവീൺ നാഥ്, മുഹമ്മദ് ഉനൈസ് എന്നിവർ മുഖ്യാതിഥികളായി. ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക ആരതി അശോക്, പുണ്യ എന്നിവർ സംസാരിച്ചു.
സംഗമത്തിൽ ഭിന്നലിംഗക്കാർക്ക് താമസം സൗകര്യം വേണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നടന്ന ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം കോ-ഒാർഡിനേറ്റർ കൂടിയായ പ്രിൻസിപ്പൽ സഫിയ ബീവി നിർവഹിച്ചു. തുടർന്ന് എൽ.ജി.ബി.ടി സമൂഹത്തെ ശക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ലൈഗിംക സ്വാഭിമാന യാത്രയും സംഘടിപ്പിച്ചു. കോളേജിൽ നിന്ന് ആരംഭിച്ച യാത്ര കോട്ടമൈതാനത്തെ അഞ്ചുവിളക്കിന് സമീപം സമാപിച്ചു.
. എന്നെ പോലുള്ള ഭിന്നലിംഗക്കാർക്ക് സമൂഹത്തിൽ ഇത്തരം വേദികളിലൂടെ അംഗീകാരം കിട്ടുകയെന്നത് വളരെ വലുതാണ്. സ്വന്തം വീട്ടിൽ നിന്നുപോലും അവഗണിക്കപ്പെട്ട എനിക്ക് പുതുതലമുറയിലെ വിദ്യാർത്ഥികൾ കൂട്ടായി ഉണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. പ്രവീൺ നാഥ്.
. പാലക്കാട് ജില്ലയിൽ ആദ്യമായാണ് ഭിന്നലിംഗ വ്യക്തത്വമുള്ളവരുടെ സംഗമവും മാർച്ചും നടക്കുന്നത്. അത് വിക്ടോറിയ കോളേജിന്റെ നേതൃത്വത്തിൽ നടന്നതിൽ ഏറെ സന്തോഷിക്കുന്നു. മുഹമ്മദ് ഉനൈസ്.