മണ്ണാർക്കാട്: സി.പി.എം- സി.പി.ഐ പോര് മുറുകിയ കുമരംപുത്തൂർ സഹകരണ ബാങ്കിലും ഹൗസിംഗ് സൊസൈറ്റിയിലും സി.പി.എം ഭൂരിപക്ഷമുള്ള ഭരണ സമിതി പ്രതികാര നടപടിയെടുക്കുന്നെന്ന്സി.പി.ഐ അനുഭാവികളായ ജീവനക്കാർ.

ബാങ്ക്, സൊസൈറ്റി എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ ഇരുപാർട്ടികളും തമ്മിൽ വാശിയേറിയ മത്സരമാണ് നടന്നത്. തുടർന്ന് ജില്ലയിൽ സി.പി.ഐയുടെ നിയന്ത്രണത്തിലുള്ള ഏക സഹകരണ സംഘമായിരുന്ന കുമരംപുത്തൂർ ഹൗസിംഗ് സൊസൈറ്റി സി.പി.എം. പിടിച്ചടക്കി. ഇതിന്റെ തുടർച്ചയായാണ് ങ്ങളുടെ അനുഭാവികളായ ജീവനക്കാർക്കെതിരെ നടപടിയെന്ന് സി.പി.ഐ നേതൃത്വം പറയുന്നു.

കുമരംപുത്തുർ സർവീസ് സഹകരണ ബാങ്കിലെ ദിവസ കളക്ഷനെടുക്കുന്ന സി.പി.ഐ അനുഭാവിയായ ജീവനക്കാരനെ കൃത്യവിലോപത്തിന്റെ പേരിൽ സസ്പെന്റ് ചെയ്യാനുള്ള തീരുമാനം ഭരണ സമിതി കൈക്കൊണ്ടതായി സൂചനയുണ്ട്. ഇതുകൂടാതെ ഹൗസിംഗ് സൊസൈറ്റി മണ്ണാർക്കാട് കോടതിപ്പടി ബ്രാഞ്ച് മനേജർക്കെതിരെയും നോട്ടീസ് നൽകുമെന്നറിയുന്നു. സി.പി.ഐയിലെ മുതിർന്ന നേതാവിന്റെ ഭാര്യയാണ് ഈ ബ്രാഞ്ച് മാനേജർ.

സൊസൈറ്റിയിലെ തന്നെ മറ്റൊരു കളക്ഷൻ എജന്റിനും നോട്ടീസ് നൽകാൻ നീക്കമുണ്ടത്രേ. ദിവസ കളക്ഷനെടുക്കുന്ന ജീവനക്കാരെ സംബന്ധിച്ചിടത്തോളം സസ്പെൻഷൻ എന്നത് തൊഴിൽ നഷ്ടപ്പെടുന്നതിന് തുല്യമാണ്. വരും ദിവസങ്ങളിൽ തെങ്കര പഞ്ചായത്തിലെ അവിശ്വാസ പ്രമേയമടക്കമുള്ള വിഷയങ്ങളിൽ ഈ പ്രശ്നങ്ങളും പ്രതിഫലിക്കാനിടയുണ്ട്.