പാലക്കാട്: വിദ്യാഭ്യാസ രംഗത്തെ പുത്തൻ കാഴ്ചപ്പാടുകൾക്ക് കരുത്തുപകരുകയാണ് പട്ടഞ്ചേരിയിലെ പഠനവീട്.
പട്ടഞ്ചേരി നന്ദിയോട് പുള്ളിമാൻചള്ളയിലെ അക്ഷയ, അച്യുതൻ, അനഘ എന്നീ സഹോദരങ്ങളുടെ വീടാണ് വൈകുന്നേരമാകുമ്പോൾ പഠനോത്സവ വേദിയാകുന്നത്.
പ്രദേശത്തെ ബിരുദ, പി.ജി, ബിഎഡ്, സ്‌കൂൾ വിദ്യാർത്ഥികൾ ചേർന്നുള്ള കമ്പെയിൻ സ്റ്റഡിയാണ് ഇവിടെ നടക്കുന്നത്. കൂടാതെ പി.എസ്.സി പരീക്ഷയ്ക്കുള്ള പരിശീലനവും നടക്കുന്നു. വിവിധ വിഷയങ്ങൾ പഠിപ്പിക്കാൻ ഈ പഠനവീട്ടിൽ ഒരു അദ്ധ്യാപകരുമില്ല. വിദ്യാർത്ഥികൾ തന്നെ പരസ്പരം അറിവുകൾ കൈമാറും. നന്ദിയോട് സ്‌കൂളിലെ അദ്ധ്യാപകർ ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നു.
പട്ടഞ്ചേരിയിലെ സിന്തസൈസേഴ്സ് എഡ്യുക്കേഷ്ണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വിജയശേഖരൻ മാസ്റ്ററാണ് പഠന വീടെന്ന ആശയത്തിന് പിന്നിൽ. സഹായത്തിന് ട്രസ്റ്റ് ഭാരവാഹികളായ കെ.ശിവരാമൻ ഡോ.ശിവദാസ്, രാകേഷ്, മൂസാ മാസ്റ്റർ എന്നിവരും ഒപ്പമുണ്ട്.
അനുകൂലമായ സാഹചര്യം ഒരുക്കികൊടുക്കുമ്പോൾ ഏതൊരാളും അതിനനുഗുണമായി പ്രതികരിക്കുമെന്നുള്ളതിന്റെ സാക്ഷ്യമാണ് തന്റെ ഈ കുട്ടികൾ. ദളിതരായ കുട്ടികൾക്ക് പഠനത്തിൽ താത്പര്യം വളർത്തുന്നതിനുള്ള ഒരു ശ്രമവും നമ്മൾ നടത്തിയിട്ടില്ല. അവർക്ക് ആവേശം പകരുന്നവിധം കർമ്മപദ്ധതികൾ ആവിഷ്‌കരിച്ചാൽ ആദിവാസികൾക്കും ദളിതർക്കുമെല്ലാം മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. അവരുടെ വളർച്ചയ്ക്ക് സഹായകമായ സാഹചര്യങ്ങൾ ഒരുക്കികൊടുക്കുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. പഠന വീടെന്ന സങ്കൽപ്പം അതിനെയെല്ലാം മാറ്റിമറിക്കും എന്ന് വിജയശേഖരൻ മാസ്റ്റർ പറയുന്നു.