wky-nh
വടക്കഞ്ചേരി- മണ്ണൂത്തി ദേശീയപാതയിൽ കാരയങ്കാട് നടക്കുന്ന ടാറിംഗ്

വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയിലെ ടാറിംഗ് പ്രവൃത്തികൾ ഇന്ന് പൂർത്തിയാകും. ദേശീയ പാതയിലെ തകർച്ചയ്ക്കും രൂക്ഷമായ ഗതാഗത കുരുക്കിനും താൽക്കാലിക ആശ്വാസമാകുകയാണ് നിലവിലെ അറ്റകുറ്റപണി.

വടക്കഞ്ചേരി സർവീസ് റോഡിലാണ് ഇപ്പോൾ ടാറിംഗ് പുരോഗമിക്കുന്നത്. ബുധനാഴ്ച രാത്രി തുടങ്ങിയ ടാറിംഗ് വ്യാഴാഴ്ച രാത്രിയും തുടരുന്നുണ്ട്. സർവീസ് റോഡിലും ടാറിംഗ് പൂർത്തിയാക്കിയാൽ വടക്കഞ്ചേരി മുതൽ മണ്ണുത്തി ഏകദേശം എല്ലാ മേഖലകളിലെയും അറ്റകുറ്റപണി പൂർത്തിയാകും. കഴിഞ്ഞ മാസം 17 മുതലാണ് ദേശീയ പാതയിൽ അറ്റകുറ്റപണി ആരംഭിച്ചത്. മഴയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മൂലം പ്രവൃത്തി ഇഴഞ്ഞ് നീങ്ങുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം 25ന് മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തിൽ തൃശൂർ കലക്ടറേറ്റിൽ യോഗം വിളിക്കുകയും ഒക്ടോബർ പത്തിനകം ടാറിംഗ് പൂർത്തിയാക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.

ഇതിനിടെ ടാറിംഗിനുള്ള ചാലക്കുടിയിലെ മിക്സിംഗ് യൂണിറ്റ് കേടായതിനെ തുടർന്ന് നാലുദിവസം നിർമ്മാണം നിറുത്തിവച്ചു. പിന്നീട് പി.കെ.ബിജു എം.പി ഇടപെട്ട് വടക്കഞ്ചേരി പന്നിയങ്കരയിലെ പ്ലാന്റ് തുറന്ന ശേഷമാണ് പ്രവൃത്തി ദ്രുദഗതിയിലായത്. പാതയിൽ ഏറ്റവും അധികം തകർന്ന അഞ്ചര കിലോമീറ്റർ ദൂരം ടാർ ചെയ്യാനും പുതിയ റോഡിൽ രൂപം കൊണ്ട കുഴികൾ അടയ്ക്കാനുമാണ് ആദ്യം തീരുമാനിച്ചത്. ഇതിൽ വടക്കഞ്ചേരി സർവീസ് റോഡ് അറ്റകുറ്റപ്പണി കൂടി പൂർത്തിയായാൽ ഗതാഗതം സുഗമമാകും.

ദുരിതത്തിന് ആശ്വാസം

ദേശീയപാതയിൽ കുതിരാനിലാണ് ഏറ്റവും അധികം റോഡ് തകർന്നതും ഗതാഗതകുരുക്ക് നേരിട്ടതും. 20 ദിവസമെടുത്താണ് ഈ ഭാഗത്തെ ടാറിംഗ് പൂർത്തിയാക്കിയത്. പിന്നീട് പട്ടിക്കാട്, മുടിക്കോട്, മുളയം റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ തകർച്ചയും ശരിയാക്കി.

ഒക്ടോബർ പത്തിനകം പൂർത്തിയാക്കണമെന്ന നിർദ്ദേശം രണ്ടുദിവസം വൈകിയാണെങ്കിലും നടപ്പാക്കിയത് യാത്രക്കാർക്ക് ആശ്വാസമായിട്ടുണ്ട്. ദേശീയപാതയിലെ തകർച്ചയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇരുമ്പുപാലത്ത് ജനകീയ സമര സമിതിയും പട്ടിക്കാട്ട് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും കോൺഗ്രസും സമരം നടത്തിയിരുന്നു.

ഇനി മുടങ്ങി കിടക്കുന്ന ആറുവരി ദേശീയപാത നിർമ്മാണവും കുതിരാനിലെ തുരങ്ക നിർമ്മാണവും ഉടൻ പൂർത്തിയാക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

വടക്കഞ്ചേരി- മണ്ണൂത്തി ദേശീയപാതയിൽ കാരയങ്കാട് നടക്കുന്ന ടാറിംഗ്