പാലക്കാട്: ജില്ലയിൽ ഒഴിവ് വന്നിട്ടുള്ള പുതുപ്പരിയാരം പഞ്ചായത്തിലെ 21 -ാം വാർഡ് കൊളക്കണ്ടാംപ്പൊറ്റ, തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ ഡിവിഷൻ 10 കോതച്ചിറ, നാഗലശേരി പഞ്ചായത്തിലെ 7, 8, 9, 10, 11, 12, 13, 14, 15 എന്നീ വാർഡുകൾ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബന്ധപ്പെട്ട വാർഡുകളിലെ വോട്ടർ പട്ടിക പുതുക്കാൻ വിജ്ഞാപനമായി.
2018 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. www.lsgelection.kerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിന് അപേക്ഷാ ഫോറം നമ്പർ 4, ആക്ഷേപങ്ങൾക്ക് ഫോറം നമ്പർ 6, ബൂത്ത് മാറ്റത്തിന് ഫോറം നമ്പർ 7ലും ഓൺലൈനായി അപേക്ഷിക്കണം.
പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ ഫോറം അഞ്ചിൽ നേരിട്ടോ രജിസ്‌ട്രേഡ് തപാൽ വഴിയോ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകാം. പേര് ചേർക്കുന്നതിനും ആക്ഷേപം സമർപ്പിക്കുന്നതിനുമുളള അവസാന തിയതി ഒക്ടോബർ 15.