ചെർപ്പുളശേരി: നഗരത്തിൽ ഓട്ടോ സ്റ്റാന്റുകളിൽ പുതിയ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിവേചനമെന്നാരോപിച്ച് ഒരു വിഭാഗം ഓട്ടോ തൊഴിലാളികൾ രംഗത്ത്. നേരത്തെ ട്രാഫിക് കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനത്തിന് വിരുദ്ധമായി പുതിയ ഓട്ടോകൾക്ക് പെർമിറ്റ് നൽകുന്നുവെന്നാണ് ഇവരുടെ പരാതി.

നഗരത്തിലെ പത്താം നമ്പർ ഓട്ടോ സ്റ്റാന്റിൽ പുതിയ ഓട്ടോക്ക് പെർമിറ്റ് നൽകിയതുമായി ബന്ധപ്പെട്ട് ഇന്നലെ നഗരസഭാ ഓഫീസിൽ ഓട്ടോ തൊഴിലാളികൾ പ്രതിഷേധവുമായെത്തി. എന്നാൽ ഇത് പൊലീസ്,ആർ.ടി.ഒ അധികാരികളുടെ വീഴ്ചയാണെന്ന് ഉപാദ്ധ്യക്ഷൻ കെ.കെ.എ.അസീസ് പറഞ്ഞു. തുടർന്ന് ഇതേ ചൊല്ലി തർക്കവും ബഹളവും ഉണ്ടായി.

രാഷ്ട്രീയം നോക്കി പുതിയ ഓട്ടോകൾക്ക് നഗരസഭ പെർമിറ്റിന് ശുപാർശ ചെയ്യുന്നുവെന്നാണ് ഒരു വിഭാഗം തൊഴിലാളികളുടെ ആക്ഷേപം. എന്നാൽ ട്രാഫിക് റഗുലേറ്ററി കമ്മറ്റി തീരുമാനമനുസരിക്കാൻ തയ്യാറാവാത്ത ഓട്ടോ തൊഴിലാളികളുടെ വിഷയത്തിൽ ഇനി ഇടപെടാൻ സാധിക്കില്ല എന്ന നിലപാടിലാണ് നഗരസഭ. നിലവിൽ സ്ഥല പരിമിതി ഉൾപ്പടെ നഗരത്തിൽ പുതിയ ഓട്ടോകൾക്ക് സ്റ്റാന്റ് പെർമിറ്റ് നൽകുന്നതിന് തടസമാവുന്നുണ്ട്.
പുതിയ ഓട്ടോകൾക്ക് സ്റ്റാന്റ് പെർമിറ്റ് നൽകുന്നതിൽ നിയന്ത്രണം വേണമെന്നും ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്. പൊലീസാണ് പുതിയ പെർമിറ്റ് അനുവദിക്കുന്നതെങ്കിലും നഗരസഭ ഭരണാധികാരികളുടെ ശുപാർശയിലാണ് ഇത് ചെയ്യുന്നത്. ഇതാണ് ഇപ്പോൾ ഒരു വിഭാഗം തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണമായത്.