കൊല്ലങ്കോട്: മുതലമട വെള്ളാരം കടവ് കാട്ടുപതി കോളനിയിൽ 16 ആടുകൾ ദുരൂഹസാഹചര്യത്തിൽ ചത്തു. കാട്ടുപതി ആദിവാസി കോളനിയിലെ ശരവണന്റെ ഒൻപത് ആടുകളും കുമാരന്റെ മൂന്ന് ആടുകളും
വെള്ളയന്റെ നാല് ആടുകളുമാണ് ബുധൻ, വ്യാഴം ദിവസങ്ങളിലായി തൊഴുത്തിൽ
ചത്തത്. ചുള്ളിയാർ ഡാമിലും പരിസരപ്രദേശങ്ങളിലും മേച്ചിൽപുറങ്ങളിൽ നിന്നും
തിരിച്ച് വീടുകളിൽ എത്തിച്ച ആടുകളാണ് ഇത്തരത്തിൽ ചത്തത്.
മൃഗസംരക്ഷണ വകുപ്പ് പാലക്കാട് ജില്ല എപ്പിഡമോളജിസ്റ്റ് ഡോ. സുമയുടെ നേതൃത്വത്തിലുള്ള സംഘം
കാട്ടുപതി കോളനിയിലെത്തി മൂന്ന് ആടുകളെ പോസ്റ്റ്‌മോർട്ടം നടത്തി. ആടുകളുടെ ആന്തരിക അവയവങ്ങൾ
പരിശോധനയ്ക്കായി കൊണ്ടുപോയി. വിഷം അകത്തുചെന്നാണ് അടുകൾ ചത്തത് എന്ന് പ്രാഥമിക പരിശോധനയിൽ അറിഞ്ഞതായും വിശദമായ പരിശോധനയ്ക്കു ശേഷം ഫലം അറിയുമെന്ന് മൃഗഡോക്ടർമാർ പറഞ്ഞു.
മാവിൻ തോട്ടങ്ങൾക്കു സമീപത്തുള്ള ചുള്ളിയാർ ഡാമിന്റെ പ്രദേശങ്ങളിലാണ് കഴിഞ്ഞരണ്ടു ദിവസങ്ങളായി ആടുകളെ മേച്ചതെന്ന് കോളനിവാസികൾ പറഞ്ഞു. തീറ്റതേടിയിറങ്ങിയ ആടുകൾ തിരിച്ചു വീട്ടിലെത്തിയപ്പോൾ
വയർ വീർക്കുകയും ഓരോന്നായി ചത്തൊടുങ്ങുകയുമാണുണ്ടായതെന്ന് കോളനിവാസിയായ കുമാരൻ പറയുന്നു. ചില ആടുകൾക്ക് വായിൽനിന്നും വെളുത്ത ശ്രവവും വരുന്നുണ്ടായിരുന്നു.
ആടുകൾ മേഞ്ഞിരുന്ന ചുള്ളിയാർ ഡാമിനു സമീപത്തുള്ള മാവിൻ തോട്ടത്തിൽ രണ്ട് ദിവസങ്ങൾക്കു മുമ്പ് മാവിന് കീടനാശിനി തളിച്ചിരുന്നതായി കോളനിവാസികൾ പറയുന്നു. മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ,പഞ്ചായത്ത് അംഗം കണ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരായ ജെസി കെ.ജി, ജോബി ജോൺ, അമ്പിളി, ജൈസിംഗ് എന്നിവരും ഡോക്ടർമാരോടൊപ്പമുണ്ടായിരുന്നു.
കൃഷി വകുപ്പ് ഉദ്യാഗസ്ഥർ പരിശോധന നടത്തി
മാംഗോസിറ്റി എന്നറിയപ്പെടുന്ന മുതലമടയിൽ 16 ആടുകൾ ചത്തതും 4ആടുകൾ ആവശനിലയിൽ ആയത് മാന്തോപ്പുകളിൽ മാരക കീടനാശിനികളുടെ പ്രയോഗം മൂലമെന്ന പ്രചരണം പരന്നതോട് മുതലമട കൃഷിവകുപ്പ് ഉദ്യോഗസ്ഥർ മാന്തോപ്പുകളിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി.