പാലക്കാട്: പ്രളയക്കെടുതിയിൽ ജില്ലയിൽ 88 പഞ്ചായത്തുകളിലായി 7,253 വീടുകൾ തകർന്നതായി പ്രാഥമിക റിപ്പോർട്ട്. ഏഴ് നഗരസഭകളിലായി 852 വീടുകൾക്ക് നാശമുണ്ടാതായും റവന്യൂ വകുപ്പിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

പഞ്ചായത്തുകളിൽ പൂർണ്ണമായും തകർന്ന വീടുകളുടെ എണ്ണം 1,359 ആണ്. ഭാഗികമായി തകർന്നത് 5,287 വീടുകൾ. ആനക്കര പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ വീടുകൾക്ക് നാശമുണ്ടായത്. 308. പുതുപ്പരിയാരം- 250, വടക്കഞ്ചേരി- 235, എലപ്പുള്ളി- 200, കിഴക്കഞ്ചേരി- 216 വീടുകൾ നശിച്ചു. പറളി- 111, പിരായിരി- 107, പുതുക്കോട്- 113, തരൂർ- 105, തെങ്കര- 103, തേങ്കുറുശി- 123, തിരുമിറ്റക്കാട്- 104, തൃക്കടീരി- 138, വടകരപ്പതി- 116, അഗളി- 104, ആലത്തൂർ- 115, അയിലൂർ- 124, എരുത്തേമ്പതി- 114, കണ്ണാടി- 110, കൊല്ലങ്കോട്- 111, കോട്ടായി- 137, കുഴൽമന്ദം- 128, മലമ്പുഴ- 108, മാത്തൂർ- 106, മുണ്ടൂർ- 179, മുതലമട- 170, നല്ലേപ്പിള്ളി- 105, വണ്ടാഴി- 103 വീടുകൾക്കും നാശമുണ്ടായി. നൂറിൽ കൂടുതൽ വീടുകൾ നശിച്ച പഞ്ചായത്തുകളുടെ കണക്കാണിത്.

നഗരസഭകളിൽ പാലക്കാട്ടാണ് കൂടുതൽ നാശം. 215 വീട് പൂർണമായും 257 വീട് ഭാഗികമായും തകർന്നു. ആകെ 472 വീടിന് നാശമുണ്ടായി. ചെർപ്പുളശേരി- 37, മണ്ണാർക്കാട്- 43, ഒറ്റപ്പാലം- 96, പട്ടാമ്പി- 59, ഷൊർണൂർ- 104, ചിറ്റൂർ- 41 വീടുകൾക്ക് നാശമുണ്ടായി. ആദ്യഘട്ട പട്ടികയാണിത്.

ഇതിൽ പരാതിയുള്ളവർക്ക് ജില്ലാ കലക്ടർക്ക് അപ്പീൽ നൽകാൻ സംവിധാനമുണ്ട്. അവസാനഘട്ട പരിശോധന പൂർത്തിയാക്കി ഈ മാസം തന്നെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. റവന്യൂ വകുപ്പാണ് അവസാനവട്ട പരിശോധന നടത്തുക. ആദ്യഘട്ടത്തിൽ വീട് പൂർണമായും തകർന്നവർക്കാണ് ധനസഹായം നൽകുക.

വീട് പുനർനിർമിക്കാൻ നാലുലക്ഷം രൂപയാണ് അനുവദിക്കുക. ആധാരമുള്ളവർക്കാണ് വീട് പുനർനിർമിക്കാൻ ധനസഹായം ലഭിക്കുക. ആധാരമില്ലാത്തവർക്ക് സ്പോൺസർ ഷിപ്പിലൂടെയും മറ്റും ഭൂമി ലഭ്യമാക്കി ഫറ്റ് നിർമ്മിച്ച് നൽകാനാണ് ഉദ്ദേശിക്കുന്നത്. പ്രളയ ബാധിത പ്രദേശങ്ങളിലെ പുറമ്പോക്കിൽ താമസിക്കുന്നവർക്ക് ഫ്ളാറ്റ് സമുച്ചയം നിർമിക്കാനും ആലോചനയുണ്ട്. തകർന്ന വീടുകളുടെ പുനർ നിർമ്മാണം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തുടങ്ങാനാണ് പദ്ധതി