ചെർപ്പുളശേരി: ജല അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തിൽ ചെളിയും മാലിന്യങ്ങളും കണ്ടതിനെ തുടർന്ന് നഗരസഭയിൽ കുടിവെള്ള വിതരണം നിറുത്തി വച്ചു. ജനങ്ങൾ പരാതിയുമായി എത്തിയതിനെ തുടർന്ന് ഇന്നലെയാണ് ജല വിതരണം നിറുത്തിയത്. ഇതോടെ ജല അതോറിറ്റിയുടെ വെള്ളത്തെ ആശ്രയിക്കുന്ന നഗരത്തിലെയും പന്നിയംകുറുശി, കാറൽമണ്ണ, തൂത, കച്ചേരിക്കുന്ന്, കരുമാനാംകുറുശി എന്നിവിടങ്ങളിലെയും ജനം ദുരിതത്തിലായി.
തൂതപ്പുഴയിലെ കാറൽമണ്ണ കാളിക്കടവിലാണ് ജല അതോറിറ്റിയുടെ പമ്പ് ഹൗസ്. പ്രളയത്തെ തുടർന്ന് തൂതപ്പുഴയിൽ വന്നടിഞ്ഞ ചെളി പമ്പ് ഹൗസിലെ കുടിവെള്ള ടാങ്കിലും ശുദ്ധീകരിക്കുന്ന ഗ്യാലറിയിലും കലർന്നതോടെയാണ് വെള്ളം മലിനമായത്.
നഗരസഭാദ്ധ്യക്ഷ ശ്രീലജ വാഴകുന്നത്തിന്റെ നിർദ്ദേശമനുസരിച്ച് സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ വി.ബി.കൃഷ്ണചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഈ വെള്ളം ഉപയോഗിച്ചാൽ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം പോലുള്ള ജലജന്യ രോഗങ്ങൾ പടരാൻ സാദ്ധ്യതയുണ്ടെന്ന് അറിയച്ചു. ഇതോടെയാണ് ജല വിതരണം പൂർണമായും നിറുത്തിവച്ചത്. വെള്ളം പരിശോധിച്ചതിന് ശേഷമേ ഉപയോഗിക്കാനാവൂ എന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട നടപടി വേഗത്തിലാക്കുമെന്നും വേണ്ട നിർദേശം നൽകിയിട്ടുണ്ടെന്നും നഗരസഭാദ്ധ്യക്ഷ അറിയിച്ചു. ടാങ്കിലെ ചെളി നീക്കം ചെയ്യാൻ ദിവസങ്ങളെടുക്കും. വോൾട്ടേജ് പ്രശ്നം കാരണം പൂർണമായും പമ്പിംഗ് നടത്താൻ ഇപ്പോഴും ജല അതോറിറ്റിക്ക് കഴിയുന്നില്ല. ഇതിന് പുറമെയാണ് ഇപ്പോൾ ചെളി കയറി ജല വിതരണം മുടങ്ങിയിരിക്കുന്നത്.