പാലക്കാട്: വാണിയംകുളം പി.കെ.ദാസ് മെഡിക്കൽ കോളേജിൽ കോതയൂർ സ്വദേശിയായ പ്രവീൺ (35) രോഗബാധമൂലം ഗുരുതരാവസ്ഥ തരണം ചെയ്ത് ജീവിതത്തിലേക്ക് മടങ്ങി വരവിന്റെ പാതയിൽ. ഒറ്റപ്പാലത്തെ ഒരു സ്വകാര്യ കെട്ടിട നിർമ്മാണ കമ്പനിയിൽ തൊഴിലാളിയായിരുന്ന ഇയാൾ രണ്ട് മാസം മുമ്പാണ് ഭാര്യവീട്ടിൽ വച്ച് ആദ്യമായി രോഗലക്ഷണം പ്രകടിപ്പിച്ചത്. മാനസികാസ്വാസ്ഥതയുടെ ലക്ഷണങ്ങളായിരുന്നു. വളരെ അക്രമാസക്തനായതോടെ കെട്ടിയിടേണ്ട അവസ്ഥ വരെ വന്നു.
തുടർന്ന് പാലക്കാട്ടെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങി. എന്നാൽ സ്ഥിതി കൂടുതൽ മോശമാവുകയായിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും പുരോഗതി ഉണ്ടിയില്ല. തുടർന്നാണ് പി.കെ.ദാസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് മാനസിക അസുഖമല്ലെന്ന് തിരിച്ചറിഞ്ഞത്. അത്യപൂർവമായി മാത്രം കണ്ടുവരുന്ന ഓട്ടോ ഇമ്മ്യൂൺ എൻസഫലൈറ്റിസ് അസുഖമായിരുന്നു പ്രവീണിന്. ശരീരത്തിനുള്ളിലെ ആന്റി ബോഡീസിന്റെ പ്രവർത്തനം മൂലം തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന രോഗമാണിത്.
ഡോക്ടർമാരായ ഡേവിസ് മാനുവൽ, റിയാസ്, പ്രവീൺ ബാലചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് ചികിത്സ നടത്തിയത്. രണ്ടാഴ്ച മുമ്പ് ഐ.സി.യുവിൽ നിന്ന് പ്രവീണിനെ വാർഡിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടെന്ന് ജനറൽ മെഡിക്കൽ അസിസ്റ്റന്റ് പ്രൊഫ.ഡോ.റിസായ് പറഞ്ഞു. മെഡിക്കൽ കോളേജിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് അവസാനിച്ചെങ്കിലും പ്രവീണിന് ഇപ്പോഴും സൗജന്യ ചികിത്സ തന്നെയാണ് തുടരുന്നത്.
പ്രവീണിന് പഴയ രീതിയിൽ തൊഴിലെടുക്കാനുള്ള സാദ്ധ്യത കുറവാണെങ്കിലും സാവധാനം ആരോഗ്യസ്ഥിതി മെച്ചപ്പെടുമെന്ന് ന്യൂറോളജി വിദഗ്ധൻ ഡോ.ഡേവിസ് മാനുവൽ പറഞ്ഞു.