കുമരംപുത്തൂർ: ചെറിയ ചാറ്റൽ മഴ പെയ്താൽ പോലും പുഴയാകുകയാണ് കുമരംപുത്തീരിലെ ദേശീയപാത. കല്ലടി ഹൈസ്‌കൂളിന് സമീപം മഴ പെയ്താൽ യാത്ര ദുർഘടവും ഭീതിജനകവുമാണ്. മഴ പെയ്താൽ പിന്നെ റോഡിന്റെ ഒരു വശത്തു നിന്ന് വലിയ തോതിലുള്ള ജലപ്രവാഹമാണ്.

കഴിഞ്ഞ ദിവസം മഴയത്ത് ബൈക്ക് യാത്രികൻ ഇവിടെ മറിഞ്ഞുവീണ് പരിക്കേറ്റിരുന്നു. വെള്ളം നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്ത് വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതും പതിവാണ്. മഴ പെയ്താൽ വൈകിട്ട് നടന്നുപോകുന്ന സ്‌കൂൾ വിദ്യാർത്ഥികളും ഏറെ വിഷമത്തിലാണ്. വലിയ വാഹനങ്ങളുൾപ്പെടെ കർശന നിയന്ത്രണത്തോടെ കടത്തിവിടുന്ന സാഹചര്യം ട്രാഫിക് ഉദ്യോഗസ്ഥർക്കും തലവേദനയാണ്.

പാടം നികത്തിയത് പ്രതിസന്ധിയായി

റോഡിന്റെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന കൃഷി ഭൂമി മണ്ണിട്ട് നികത്തി വൻതോതിൽ നിർമ്മാണ പ്രവർത്തനം നടന്നതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം. വെള്ളം ഒഴുകിപ്പോയിരുന്ന ചാലുകൾ പോലും നികന്നു. ഇത്തരം പ്രവർത്തനം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ നടപടിയാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് സമീപവാസികൾ ആരോപിക്കുന്നു. വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം റോഡിന്റെ ഈ ഭാഗങ്ങളിൽ കുഴികളും രൂപപ്പെട്ടു.

വലിയ വളവോടു കൂടിയ ഈ ഭാഗത്ത് കുഴികളും കുത്തൊഴുക്കും ഗതാഗതത്തിന് ഉയർത്തുന്ന ഭീഷണി വലുതാണ്. പഞ്ചായത്തോഫീസിന് സമീപത്തുള്ള ഈ ദുരവസ്ഥയിൽ വേണ്ട രീതിയിൽ ഇടപെടാൻ ജനപ്രതിനിധികളും തയ്യാറാകുന്നില്ല.

നടപടി സ്വീകരിക്കും

മഴക്കാലത്ത് കല്ലടി സ്‌കൂളിന് സമീപം യാത്രാദുരിതം വളരെ വലുതാണ്. ഇതിന് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി ദേശീയപാത അധികൃതർക്ക് അടിയന്തിരമായി കത്ത് നൽകും. സമീപത്തെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദം പരിശോധിച്ച് നടപടി സ്വീകരിക്കും.

-ഹുസൈൻ കോളശേരി, പ്രസിഡന്റ്, കുമരംപുത്തൂർ പഞ്ചായത്ത്