പാലക്കാട്: തൃശൂർ മെഡിക്കൽ കോളേജിലേക്ക് ബസിലും ഓട്ടോയിലുമായി കൊണ്ടുപോയ ഗുരുതരാവസ്ഥയിലുള്ള തടവുകാരൻ മരിച്ച സംഭവത്തിൽ കുടുംബത്തിന് ഇടക്കാലാശ്വാസമായി ഒരു ലക്ഷം രൂപ 45 ദിവസത്തിനകം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
പാലക്കാട് ജില്ലാ ജയിലിൽ റിമാന്റിലായിരുന്ന മണ്ണാർക്കാട് ആനമൂളി തട്ടാരടിയിൽ ടിജോ തോമസാണ് ഇക്കഴിഞ്ഞ മേയ് ആറിന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മിഷനംഗം കെ.മോഹൻകുമാറിന്റെ ഉത്തരവ്. ടിജോ പൊലീസ് മർദ്ദനമേറ്റ് മരിച്ചെന്നാണ് ഭാര്യ ഷിജിയുടെ ആരോപണം. തുടർന്ന് ജയിൽ, പൊലീസ്, ആരോഗ്യവകുപ്പ് അധികൃതരിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു.
ഏപ്രിൽ 14നാണ് അബ്കാരി കേസിൽ പ്രതിയായ ടിജോയെ ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചത്. മേയ് ആറിന് കൈയിന് മരവിപ്പ് അനുഭവപ്പെട്ടതിനെ തുടർന്നാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. തലച്ചോറിന്റെ സി.ടി സ്‌കാൻ എടുക്കാൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോയത്. ബസിൽ പോകുന്നതിനിടെ കുഴച്ചിൽ അനുഭവപ്പെട്ടയുടനെ ഒപ്പമുള്ള ഉദ്യോഗസ്ഥർ ജയിലിൽ വിവരമറിയിച്ചു. തുടർന്നാണ് ഓട്ടോയിൽ മെഡിക്കൽ കോളേജിലെത്തിച്ചത്. മേയ് ഏഴിന് രാവിലെ ടിജോ മരിച്ചു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ 11 പരിക്കുകൾ ഉണ്ടായിരുന്നതായി പരാതിക്കാർ അറിയിച്ചു. ഇത് പൊലീസ് മർദ്ദനം കാരണമാണെന്ന ആരോപണം ഉയർന്നിരുന്നു. നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ടിജോയ്ക്ക് ജില്ലാ ആശുപത്രിയിൽ ലഭിച്ച ചികിത്സയെ കുറിച്ച് ആരോഗ്യവകുപ്പ്, വിജിലൻസ് ടീമും പ്രതിയുമായി രാവിലെ പുറപ്പെട്ട പൊലീസ് സംഘം വൈകിട്ട് മാത്രം തൃശൂർ മെഡിക്കൽ കോളേജിൽ എത്തിയത് എങ്ങനെയെന്ന് ആഭ്യന്തര വകുപ്പും അന്വേഷിച്ച് രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.