ചിറ്റൂർ: കൊഴിഞ്ഞാമ്പാറ- കല്ലാണ്ടിചള്ള റൂട്ടിൽ ഓടിയിരുന്ന സ്വകാര്യ ബസ് കഴിഞ്ഞ ഒരു മാസമായി സർവീസ് നിറുത്തിയത് കാരണം വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കം നിരവധി പേർ ദുരിതത്തിൽ.
കല്ലാണ്ടിചള്ള ഭാഗത്തുനിന്ന് 40തോളം വിദ്യാർത്ഥികളാണ് കൊഴിഞ്ഞാമ്പാറ ജി.യു.പി.എസിലും മറ്റുമായി പോകുന്നത്. ഇവരുടെ സൗകര്യം കണക്കിലെടുത്ത് സ്‌കൂൾ പി.ടി.എ കമ്മിറ്റിയുടെയും രക്ഷിതാക്കളുടെയും ആവശ്യ പ്രകാരം രാവിലെ 8.30നും വൈകിട്ട് 4.30നും ഒരു ബസ് കല്ലാണ്ടിചണ്ട റൂട്ടിൽ അനുവദിച്ചിരുന്നു. ഇത് ഏതാനും മാസം സർവീസ് നടത്തുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ മാസം സർവീസ് നിറുത്തിവച്ചു. ഇതോടെ വിദ്യാർത്ഥികൾക്ക് ഇവിടെ നിന്ന് ഏഴ് മണിക്കുള്ള ബസിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. വൈകിട്ട് നാലിന് സ്‌കൂൾ വിട്ടാൽ പിന്നെകൊഴിഞ്ഞാമ്പാറ ബസ് സ്റ്റാന്റിൽ കാത്തിരിക്കണം. ഇത് കുട്ടികൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് ഏറെ മാനസിക പ്രയാസം ഉണ്ടാക്കുന്നു. നിറുത്തിയ സർവീസ് പുനഃരാരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതു സംബന്ധിച്ച് കൊഴിഞ്ഞാമ്പാറ ജി.യു.പി.എസ് പി.ടി.എ കമ്മിറ്റി അധികൃതർക്ക് പരാതി നൽകി.