ചെർപ്പുളശേരി: രണ്ടു ദിവസങ്ങളിലായി ജി.വി.എച്ച്.എസ്.എസ് മൈതാനത്ത് നടന്നുവന്ന ജില്ലാ ബധിര കായിക മേള ട്രോഫിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തടസപ്പെട്ടു. ആദ്യ ദിവസം അത്‌ലറ്റിക് മത്സരങ്ങൾ സുഗമമായി പൂർത്തിയായിരുന്നു. എന്നാൽ രണ്ടാം ദിവസമായ ഇന്നലെ വോളിബോൾ, ഫുട്ബാൾ മത്സരങ്ങൾ നടക്കുമ്പോഴാണ് ട്രോഫിയെ ചൊല്ലിയുള്ള തർക്കമാരംഭിച്ചത്.

മൂന്നു തവണ വോളിബോളിൽ ചാമ്പ്യന്മാരായ ഷൊർണൂർ ഡി.ആർ.ഡി.എസ് കോളേജ് ട്രോഫി തിരിച്ച് നൽകാൻ തയ്യാറാവാത്തതാണ് പ്രശ്നത്തിനിടയാക്കിയത്. എന്നാൽ ട്രോഫി തിരിച്ചേല്പിക്കാതെ മത്സരത്തിൽ പങ്കെടുക്കേണ്ടെന്ന തീരുമാനം ജില്ലാ ബധിര സ്പോർട്‌സ് കൗൺസിൽ ഉന്നയിച്ചതോടെ ഡി.ആർ.ഡി.എസ് കോളേജ് അധികൃതരും സ്പോർട്സ് കൗൺസിൽ ഭാരവാഹികളും തമ്മിൽ തർക്കമായി.

മൂന്നു വർഷം തുടർച്ചയായി ജയിച്ചാൽ ട്രോഫി സ്വന്തമായി എടുക്കാമെന്നതുകൊണ്ടാണ് തിരിച്ചേൽപ്പിക്കാത്തതെന്നാണ് കോളേജ് അധികൃതർ പറയുന്നത്. തർക്കം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ പൊലീസും സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും പരിഹരിക്കാനായില്ല. തുടർന്ന് സ്പോർട്‌സ് കൗൺസിലിന്റെ തീരുമാന പ്രകാരം മത്സരം നിറുത്തിവച്ചു.

അടുത്ത ദിവസം ജനറൽ ബോഡി യോഗം ചേർന്ന് മത്സരം പൂർത്തിയാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് സ്പോർട്‌സ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.