ചിറ്റൂർ: മേനോൻപാറ കൂരാങ്കാടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ പ്രശാന്തിന് (23) വെട്ടേറ്റു. ഇന്നലെ വൈകിട്ട് 3.30ന് അക്രമി സംഘം വീട്ടിൽ കയറി വെട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആഴ്ചകൾക്ക് മുമ്പ് പ്രദേശത്ത് ആർ.എസ്.എസ്- ഡി.വൈ.എഫ്.ഐ സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് അക്രമമെന്ന് പൊലീസ് പറഞ്ഞു. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തൊട്ടടുത്ത അത്തിക്കോട്, സൂര്യപാറ, കരുകപ്പാറ, കൊഴിഞ്ഞാമ്പാറ മേഖലയിലും സമാനാവസ്ഥയാണ്.
സൂര്യപാറയിലും കരുകപ്പാറയിലും ഇരുകൂട്ടർ തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷമുണ്ടായിരുന്നു. കൊഴിഞ്ഞാമ്പാറയിലുള്ള സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീന് നേരെ പെട്രോൾ ബോബേറും നടന്നിരുന്നു. വ്യാഴാഴ്ച രാത്രി കരുകപ്പാറയിലുണ്ടായ സംഘർഷത്തിൽ പൊലീസുകാർ ഉൾപ്പെടെ ഏതാനും പേർക്ക് പരിക്കേറ്റിരുന്നു. മേഖലകളിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രശ്നം രൂക്ഷമാകുകയാണ്.