വടക്കഞ്ചേരി: കോൺഗ്രസിലെ ഒൗദ്യോഗിക പക്ഷവും വിമതപക്ഷവും തമ്മിലുള്ള പൊടിപാറും പോരാട്ടത്തിനാണ് കിഴക്കഞ്ചേരി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് വേദിയാവുക. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വിജയതന്ത്രം മെനയുന്ന തിരക്കിലാണ് ഇരുപക്ഷവും. പോരാട്ടം കോൺഗ്രസിനുള്ളിൽ തന്നെയായതിനാൽ മുഴുവൻ പാലനിലും ആളെ നിറുത്താത്ത സി.പി.എം കോൺ. വിമതരെ പിന്തുണയ്ക്കുമെന്നാണ് അറിയുന്നത്. കോൺഗ്രസിലെ ചേരിതിരിവ് കഴിഞ്ഞ ദിവസം നടന്ന ഇളങ്കാവ് ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു.

20ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഐക്യജനാധിപത്യ കർഷകമുന്നണിക്കെതിരെ കോൺഗ്രസ് കർഷകസമിതിയാണ് മത്സരിക്കുന്നത്. ഇരുവിഭാഗവും പ്രചാരണം സജീവമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് മാനേജർമാർ സീറ്റ് പങ്കുവയ്ക്കുന്നതിൽ പ്രതിഷേധിച്ചും കോൺഗ്രസിനെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായാണ് കർഷകസമിതി രംഗത്തു വന്നിട്ടുള്ളത്. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി.ഗീവർഗീസ്, മുൻ പഞ്ചായത്തംഗമായ സിജു ജോസഫ്, പി.വി.വിജയൻ, എം.വേലപ്പൻ, ഹരിദാസ് പാണ്ടാംകോട്, ബിജു വട്ടക്കണ്ടത്തിൽ, കെ.വി.ആൻഡ്രൂസ്, എ.പി.വർഗീസ് കണിച്ചിപരുത, ഇ.കെ.എൽദോ, മാത്യു ജേക്കബ്, ഷൈലജ മനോജ്, സുഭാഷിണി രാധാകൃഷ്ണൻ, റഷീദ തുടങ്ങിയവരാണ് കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ രംഗത്തുള്ളത്. കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് വി.ഒ.വർഗീസ്, സമിതി കൺവീനർ പി.രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നല്കുന്നതാണ് കർഷക സമിതി.
വർഷങ്ങളായി യു.ഡി.എഫാണ് ബാങ്ക് ഭരിക്കുന്നത്. രണ്ടും മുന്നും തവണ മത്സരിച്ചവർ പിന്മാറി പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നാണ് വിമതരുടെ ആവശ്യം. 13 പേരടങ്ങുന്നതാണ് ബോർഡ്. ഇതിൽ എട്ട് ജനറൽ സീറ്റും ഒരെണ്ണം ഡെപ്പോസിറ്റ്, മൂന്നെണ്ണം വനിത, ഒരെണ്ണം ഹരിജൻ സംവരണം എന്നിങ്ങനെയാണുള്ളത്.

കിഴക്കഞ്ചേരി പഞ്ചായത്ത് ഇളംകാവ് ഉപതിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റിൽ ബി.ജെ.പിക്കും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. എൽ.ഡി.എഫിന്റെ കൂടെ പിൻബലത്തിൽ വിമതർ അട്ടിമറിക്കും എന്നാണ് വിലയിരുത്തൽ. അങ്ങിനെയെങ്കിൽ മൂന്ന് പതിറ്റാണ്ടിലേറെ കൈപിടിയിലുണ്ടായിരുന്ന ബാങ്ക് ഭരണം കോൺഗ്രസിന് നഷ്ടമാകും.