ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറത്ത് വേട്ടേക്കര റോഡിൽ പഞ്ചായത്ത് കോടികൾ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ ആധുനിക വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം നീളുന്നു. പഞ്ചായത്തിന്റെ ഒരു ഏക്കർ 17സെന്റ് സ്ഥലത്ത് നിർമ്മിച്ച ശ്മശാനംവും കെട്ടിടവും അധികൃതരുടെ അനാസ്ഥമൂലം കാടുമൂടി നശിക്കുകയാണ്.
2014ൽ എം.എൽ.എയായിരുന്ന എം.ഹംസയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു കോടിയും പഞ്ചായത്ത് അനുവദിച്ച 80000 രൂപയും വിനിയോഗിച്ചാണ് ശ്മശാനത്തിന്റെ നിർമ്മാണം ആരംഭിച്ചത്. പിന്നീട്, ഫണ്ടിന്റെ അപര്യാപ്തതയിൽ നിർമ്മാണം നിലയ്ക്കുകയായിരുന്നു. തുടർന്ന് 2016ൽ ബ്ലോക്ക് പഞ്ചായത്ത് 16 ലക്ഷം അനുവദിച്ചാണ് നിർമ്മാണം പൂർത്തീയാക്കിയത്.
ശ്മശാനത്തിന് സമീപം പാർക്കിംഗ് ഏരിയയും അതിനോട് ചേർന്ന് 5,20000 രൂപ ചെലവിൽ പൂന്തോട്ടവും നിർമ്മിക്കാൻ പദ്ധിയുണ്ടായിരുന്നു. നിലവിൽ ഈ ഭാഗങ്ങളെല്ലാം കാടുമൂടിയിരിക്കുകയാണ്. കെട്ടിടത്തിന്റെ കരാറുകാരൻ 400 സിമന്റ് ചാക്കുകൾ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്വന്തമായി ശ്മശാനം ഉണ്ടായിട്ടും പഞ്ചായത്തിൽ മരണം സംഭവിച്ചാൽ തിരുവില്വാമല, ഷെർണൂർ ശാന്തിതീരം എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകേണ്ട സ്ഥിതിയാണ്.
ഉദ്ഘാടനം നീണ്ടുപോകുന്നതായി കാണിച്ച് ശ്മശാന സംരക്ഷണ സമിതി പ്രസിഡന്റ് യു.ഹരിദാസൻ വൈദ്യർ നിരവധി തവണ ഓംബുഡ്‌സ്മാന് പരാതി നൽകിയിരുന്നു. തുടർന്ന് 2016 ജൂണിൽ തുറന്നു കൊടുക്കുമെന്നും അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപ്പാലായില്ല. ഇതോടെ വീണ്ടും പരാതി നൽകിയിട്ടുണ്ടെന്നും തീരുമാനം ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടറുടെ പ്രവർത്തനാനുമതി ലഭിച്ചാൽ അടുത്തമാസം ശ്മശാനം തുറന്ന് കൊടുക്കാനാകുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.