പാലക്കാട്: വന്യജീവികളുടെ ആക്രണത്തിൽ പാലക്കാട് ഡിവിഷന് കീഴിൽ ഈവർഷം ഇതുവരെ 164 കർഷകരുടെ കൃഷി നശിച്ചതായി കണക്കുകൾ. നെല്ല്, വാഴ, തെങ്ങ്, കവുങ്ങ്, പച്ചക്കറികൾ തുടങ്ങിയ കൃഷികളാണ് വന്യജീവികൾ വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. കാട്ടാന, കാട്ടുപന്നി ആക്രമണങ്ങളാണ് ഡിവിഷന് കീഴിൽ കൂടുതലുണ്ടായിട്ടുള്ളത്. കൃഷി നശിച്ച 164 കർഷകർക്ക് നഷ്ടപരിഹാരമായി സർക്കാർ നൽകിയത് 992062 രൂപ.
പാലക്കാട് ഡിവിഷന് കീഴിലെ മലയോര പ്രദേശങ്ങളായ വാളയാർ, ഒലവക്കോട്, മുണ്ടൂർ ഭാഗങ്ങളിലാണ് കൃഷിനാശം കൂടുതൽ. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമാമായി നടക്കാത്തതാണ് വന്യജീവികളുടെ ആക്രമണങ്ങൾ പെരുകാൻ കാരണം. പ്രദേശത്തെ പല കർഷകരും ഭൂമി പാട്ടത്തിനെടുത്തും വായ്പയെടുത്തുമാണ് കൃഷിയിറക്കുന്നത്. വന്യജീവികളുടെ ആക്രമണത്തിൽ കൃഷി നശിക്കുന്നത് ഈ കർഷകർക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. കഴിഞ്ഞവർഷം 431 കർഷകരുടെ കൃഷി നശിച്ചതിനെ തുടർന്ന് നഷ്ടപരിഹാരമായി 25,87862 രൂപ നൽകിയതായി അധികൃതർ പറഞ്ഞു.
ലഭിക്കുന്ന നഷ്ടപരിഹാരം
. ഒരു ഹെക്ടർ നെല്ലിന് 11,000 രൂപ
. കുലച്ച് വാഴ ഒന്നിന് 110 രൂപ
. കുലയ്ക്കാത്തത് 83 രൂപ
. തെങ്ങ് കായ്ക്കുന്നത് ഒന്നിന് 770 രൂപ
. കായ്ക്കാത്തത് 385 രൂപ
ഓൺലൈൻ മുഖേനയാണ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷിക്കുന്നത്. കർഷകന്റെ പേര്, വിലാസം, ഏതൊക്കെ കൃഷിയാണ് നശിച്ചത്, അവയുടെ കണക്കുകൾ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ അപേക്ഷയിലുണ്ടാകും. ഇത് ലഭിക്കുന്ന മുറയ്ക്ക് ഡിവിഷന് കീഴിലുള്ള റെയിഞ്ച് ഓഫീസർമാർ സ്ഥലം സന്ദർശിച്ച് കണക്കുകൾ വിലയിരുത്തും. തുടർന്ന് ഡിവിഷൻ ഓഫീസിൽ നിന്ന് നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് തുക കൈമാറും