പാലക്കാട്: ഗവ. മോയൻ സ്‌കൂളിലെ കുട്ടിശാസ്ത്രജ്ഞർ വികസിപ്പിച്ച റോക്കറ്റുകളുടെ വിക്ഷേപണം വിജയകരമായി പൂർത്തികരിച്ചു. ഗവ. വിക്‌ടോറിയ കോളേജ് മൈതാനത്ത് ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു ആദ്യ വിക്ഷേപണം.

അന്താരാഷ്ട്ര ബഹിരാകാശ വാരാചരണത്തിന്റെയും സ്‌കൂളിന്റെ നൂറാം വാർഷികത്തിന്റെയും ഭാഗമായി ന്യൂട്ടൺസ് സയൻസ് ക്ലബ്ബാണ് റോക്കറ്റ് വിക്ഷേപണം സംഘടിപ്പിച്ചത്. കൂടാതെ മോഡൽ റോക്കറ്റ് ശില്പശാലയും ഒരുക്കിയിരുന്നു. ശില്പശാലയുടെ ഭാഗമായി 70 ഓളം റോക്കറ്റുകളാണ് കുട്ടികൾ തയ്യാറാക്കിയത്. ഇതിൽ 25 എണ്ണം വിജയകരമായി വിക്ഷേപിച്ചു. പി.ടി.എ പ്രസിഡന്റ് എസ്.ദാവൂദ് ഉദ്ഘാടനം ചെയ്തു.
25 സെ.മീ നീളത്തിലും മുക്കാൽ ഇഞ്ച് വ്യാസത്തിലുമായി കാർഡ് ബോർഡിൽ തയ്യാറാക്കിയ റോക്കറ്റുകൾ ഒരു കിലോ മീറ്ററോളം സഞ്ചരിച്ചു. ഹെഡ്മാസ്റ്റർ ജോസ് ഡാനിയേൽ, ശില്പശാലക്ക് നേതൃത്വം നൽകിയ അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നൂറു ശാസ്ത്ര പരീക്ഷണങ്ങളുടെ തത്സമയ പ്രദർശനവും ഉടൻ ഉണ്ടാകുമെന്ന് സയൻസ് ക്ലബ് സെക്രട്ടറി കെ.പി.സ്‌കന്ദകുമാർ പറഞ്ഞു.