മലമ്പുഴ: അണക്കെട്ടിൽ നിന്ന് ആവശ്യത്തിന് വെള്ളം കിട്ടാതെ ജില്ലയിലെ നെൽവയലുകൾ വരൾച്ച നേരിടുമ്പോൾ കിൻഫ്ര വ്യാവസായിക പാർക്കിലേക്ക് ജലം നൽകാനുള്ള നീക്കം ത്വരിതഗതിയിൽ. വ്യവസായ പാർക്കിലേക്ക് അണക്കെട്ടിൽ നിന്ന് നേരിട്ട് വെള്ളംകൊണ്ട് പോകുന്നതിനുള്ള 600 മില്ലി മീറ്റർ വ്യാസമുള്ള പൈപ്പുകൾ പ്രദേശത്ത് ഇറക്കിയിട്ടുണ്ട്. നേരത്തെ കിൻഫ്ര പദ്ധതിക്കായി പൈപ്പുകളിറക്കുന്നത് നാട്ടുകാർ തടഞ്ഞിരുന്നു.

മലമ്പുഴ അണക്കെട്ടിലെ വെള്ളം പ്രാഥമികമായി കാർഷികാവശ്യത്തിന് നൽകാനുള്ളതാണ്. രണ്ടാംവിളയ്ക്ക് 90 ദിവസമെങ്കിലും വെള്ളം ഉറപ്പാക്കിയശേഷമേ വ്യാവസായികാവശ്യമുൾപ്പെടെ പരിഗണിക്കാവൂ എന്നും കർഷകരും കർഷകസംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് കർഷകർ കോടതിയേയും സമീപിച്ചിരുന്നു. കാർഷിക ജലസേചനത്തിന് വെള്ളം ഉറപ്പാക്കണമെന്ന നിർദേശമാണ് കോടതിയും നൽകിയത്. കോടതി നിർദ്ദേശം പാലിക്കാമെന്ന് ബന്ധപ്പെട്ടവർ കോടതിയിൽ അറിയിച്ചിട്ടുണ്ട്. തുലാമഴ ആവശ്യത്തിന് ലഭിക്കാത്തപക്ഷം അണക്കെട്ടിൽ നിന്ന് വ്യവസായിക പാർക്കലേക്ക് വെള്ളം നൽകിയാൽ കാർഷികമേഖല വലിയ പ്രതിസന്ധിയിലാവും.

മലമ്പുഴയിൽനിന്ന് നഗരസഭാ മേഖലയിലേക്കും പരിസരത്തെ അഞ്ച് പഞ്ചായത്തുകളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. ഇതുകൂടാതെ മഴനിഴൽ പ്രദേശമായ വടകരപ്പതി മേഖലയിലേക്കും കുടിവെള്ളവിതരണം നടത്തുന്നുണ്ട്. വ്യാവസായികാവശ്യത്തിനുകൂടി വെള്ളം നൽകുന്നതോടെ ജലസേചനപദ്ധതിയെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ.