മണ്ണാർക്കാട്: നഗരസഭ അഞ്ചാം വാർഡിലെ കെ.എച്ച്.റോഡിന് നവീകരണ അംഗീകാരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കൗൺസിലർ സലീന വേളക്കാടനുയർത്തിയ രാജിഭീഷണിയിൽ ഭരണസമിതി മുട്ടുകുത്തി. മുസ്ലീം ലീഗ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് ഇന്നലെ അടിയന്തര കൗൺസിൽ വിളിച്ച് റോഡിന് നഗരസഭാ ഭരണസമിതി നവീകരണാനുമതി നൽകുകയായിരുന്നു.
തുടർച്ചയായി അനുമതി നിഷേധിക്കുന്നതിനെതിരെ സലീന വേളക്കാടൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കൗൺസിലറുടെ പിടിപ്പുകേടാണ് റോഡ് നവീകരണത്തിന് തടസമെന്ന് പറഞ്ഞ് ചെയർപേഴ്‌സൻ എം.കെ സുബൈദയും രംഗത്ത് വന്നിരുന്നു. ചെയർപേഴ്‌സന്റെ നിലപാടിനെതിരെ ലീഗ് കൗൺസിലർമാർ പാർട്ടി നേതൃത്വത്തിന് പരാതി നൽകി. മുസ്ലിം ലീഗ് യോഗം ചേർന്ന് ചെയർപേഴ്‌സണോട് വിശദീകരണം ചോദിച്ചു. പാർട്ടി നിർദ്ദേശത്തെ തുടർന്ന് ഇന്നലെ അടിയന്തര കൗൺസിൽ യോഗം ചേർന്ന് റോഡിന്റെ നവീകരണാനുമതി നൽകുകയായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് റോഡിന്റെ അനുമതി നീണ്ടു പോയതെന്നാണ് ഭരണസമിതി നൽകുന്ന വിശദീകരണം. കൗൺസിലറുടെ രാജി ഭീഷണിയെത്തുടർന്ന് റോഡിന് അനുമതി നൽകാനുണ്ടായ സാഹചര്യം അപലപനീയമാണെന്ന് ഇടത് - ബി.ജെ.പി അംഗങ്ങൾപരഞ്ഞു.
റോഡിനോടുള്ള അവഗണന: കാരണം മത്സ്യമാക്കറ്റിനെതിരായ കൗൺസിലറുടെ നിലപാട്
നഗരസഭ സ്റ്റാന്റിൽ പ്രവർത്തിച്ചിരുന്ന മത്സ്യ മാർക്കറ്റിനെതിരായ കൗൺസിലറുടെ നിലപാടാണ് കെ.എച്ച്. റോഡിനോടുള്ള അവഗണനക്ക് കാരണമെന്നാണ് അറിയുന്നത്. മത്സ്യമാർക്കറ്റിലെ മാലിനജലം റോഡിന്റെ സമീപത്തേക്ക് ഒഴുക്കുന്നതിനെതിരെ കൗൺസിലർ ചോദ്യം ചെയ്തിരുന്നു. ഇത് അവരോടുള്ള വൈരാഗ്യത്തിനും കെ.എച്ച്.റോഡിനെ തഴയാനും ഇടയാക്കിയെന്ന് കൗൺസിലർമാർക്കിടയിൽ തന്നെ അഭിപ്രായമുണ്ട്.