പാലക്കാട്: കെ.എസ്.ആർ.ടി.സി റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് സംയുക്ത സമര സമിതി നടത്തിയ മിന്നൽ സമരം യാത്രക്കാരെ വലച്ചു. ജില്ലയിലെ എല്ലാ ഡിപ്പോയിലും രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ ബസുകൾ സർവീസ് നടത്തിയില്ല.
തിരുവനന്തപുരത്ത് മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, ടി.പി.രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തത്കാലം കുടുംബശ്രീക്കാർക്ക് കൗണ്ടർ നൽകില്ലെന്ന തീരുമാനം വന്നതിന് ശേഷമാണ് സമരം അവസാനിച്ചത്.
മൂന്ന് മണിക്കൂർ നീണ്ട സമരം യാത്രക്കാരെ പെരുവഴിയിലാക്കി. സ്റ്റാന്റിൽ എത്തിയ ശേഷമാണ് ബസുകൾ സർവീസ് നടത്തില്ലെന്ന വിവരം യാത്രക്കാർ അറിഞ്ഞത്. നേരത്തെ ബസുകളിൽ കയറി ഇരുന്നവരും പെരുവഴിയിലായി. മറ്റ് ഡിപ്പോകളിൽ നിന്ന് പാലക്കാട് വഴി കടന്നു പോകുന്ന ബസുകളിലെ ജീവനക്കാരും സമരത്തിൽ പങ്കെടുത്തതോടെ യാത്രക്കാർ ഏറെ വലഞ്ഞു.
ഇതോടെ മിക്ക റൂട്ടുകളിലും സ്വകാര്യ ബസുകളുടെ സഹായം തേടേണ്ട സ്ഥിതിയായി. പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാർക്കാട്, തൃശൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകേണ്ട സർക്കാർ ജീവനക്കാരും പൂജ അവധിക്ക് നാട്ടിൽ പോകാനായി ദീർഘദൂര ബസുകൾ തേടിയെത്തിയവും ഏറെ വലഞ്ഞു. കോയമ്പത്തൂർ, പൊള്ളാച്ചി അന്തർസംസ്ഥാന പാതയിലെ യാത്രക്കാരെയും സമരം സാരമായി ബാധിച്ചു. സമരം അവസാനിക്കുമെന്ന പ്രതീക്ഷയിൽ പലരും മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് ബദൽ മാർഗം തേടിയത്.
ഉച്ചയോടെ സമരം പിൻവലിച്ചത് ദൂരയാത്രക്കാർക്ക് ആശ്വാസമായി. തിരുവനന്തപുരത്ത് സമരം ചെയ്ത ജീവനക്കാരെ പൊലീസ് മർദ്ദിച്ചതിൽ കൂടി പ്രതിഷേധിച്ചാണ് സമരം നടത്തിയതെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി മഹേഷ് പറഞ്ഞു. കുടുംബശ്രീ ജീവനക്കാർ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയാനായി റിസർവേഷൻ കൗണ്ടറുകളുടെ മുന്നിലാണ് സമരം നടന്നത്. ഇതോടെ ജില്ലയിലെ ഡിപ്പോകളിൽ പരിശീലനത്തിനായെത്തിയ കുടുംബശ്രീ പ്രവർത്തകർ സമരത്തെ തുടർന്ന് തിരിച്ചുപോയി.