water-supply
കുന്നങ്കാട്ടുപതിയിലെ കുടിവെള്ള ശുചീകരണ പ്ലാന്റ്

ചിറ്റൂർ: കുന്നങ്കാട്ടുപതി കുടിവെള്ള പദ്ധതിയുടെ നവീകരണം പൂർത്തിയായതോടെ എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. 7 കോടി ചെലവഴിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നവീകരണം പൂർത്തിയാക്കിയ പ്ലാന്റ് ഈ മാസം അവസാത്തെടെ ഒൗദ്യോഗികമായി കമ്മിഷൻ ചെയ്യുമെങ്കിലും ഇപ്പോൾ തന്നെ ജലവിതരണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ വർഷങ്ങളായി ടാങ്കർ ലോറിയിലെ വെള്ളത്തെ ആശ്രയിച്ചിരുന്ന ജനങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.

1981ൽ വിഭാവനം ചെയ്ത കുന്നങ്കാട്ടുപതി കുടിവെള്ള പദ്ധതി നടപ്പിലാക്കിയത് 1993 ലാണ്. ശേഷം കാൽ നൂറ്റാണ്ടിന് ശേഷമാണ് നവീകരണം നടക്കുന്നത്. കെ.കൃഷ്ണൻകുട്ടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവാക്കി പ്ലാന്റിലെ 75 എച്ച്.പി പമ്പ് സെറ്റ് മാറ്റി രണ്ട് 90 എച്ച്.പി വെർട്ടിക്കൽ ടർബൈൻ പമ്പ് സെറ്റും മോട്ടോറും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 88ലക്ഷം രൂപ ചെലവിൽ 630 കെ.വി.എ ട്രാൻസഫോമർ,75 എച്ച്.പിയുടെ മൂന്ന് മോട്ടോർപമ്പ് സെറ്റ് എന്നിവയുടെ പ്രവർത്തനവും നടക്കുന്നുണ്ട്.

എം.എൽ.എ.കെ.കൃഷ്ണൻകുട്ടിയുടെ നിർദ്ദേശ പ്രകാരം ജല അതോറിറ്റി തയ്യാറാക്കിയ 29 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് കിഫ്ബിയുടെ പരിഗണനയിലാണ്. പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ രണ്ടുവർഷമെങ്കിലുമെടുക്കും എന്നതിനാലാണ് നിലവിലുള്ള പദ്ധതിയുടെ കാര്യക്ഷമത വർദ്ധിപ്പിച്ചത്.

പദ്ധതിയുടെ ട്രയൽ റൺ കഴിഞ്ഞദിവസം പൂർത്തിയാക്കിയിരുന്നു, ഇതേ തുടർന്നാണ് ജലവിതരണം ആരംഭിച്ചത്. പ്രതിദിന ഉത്പാദനം 25 ലക്ഷം ലിറ്ററായിരുന്നത് ഇപ്പോൾ 55 ലക്ഷം ലിറ്ററായി ഉയർത്തിയിട്ടുണ്ട്. ഇതോടെ പദ്ധതി പ്രദേശങ്ങളിൽ മൂന്ന് ദിവസത്തിലൊരിക്കൽ മാത്രം ജലവിതരണം നടത്തിയിരുന്നത് ഇപ്പോൾ എല്ലാ ദിവസവും നടത്താനാകുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.