മണ്ണാർക്കാട്: നമ്പിയൻകുന്ന് റോഡിലെ യാത്രാദുരിതത്തിന് താൽക്കാലിക പരിഹാരമാകുന്നു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനായി രണ്ടുലക്ഷം രൂപ അനുവദിക്കണമെന്ന നഗരസഭ കൗൺസിൽ ശുപാർശക്ക് ജില്ലാ ആസൂത്രണ സമിതി (ഡി.പി.സി.) അംഗീകാരം നൽകി.
അനുമതി പത്രം ലഭിച്ചതായും തുടർ നടപടി ഉടൻ ആരംഭിക്കുമെന്നും കൗൺസിലർ അഫ്‌സൽ പറഞ്ഞു. നമ്പിയംകുന്ന് റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് 'കേരളകൗമുദി" നൽകിയ വാർത്തയെ തുടർന്നാണ് വിഷയം കൗൺസിൽ യോഗം അടിയന്തിരമായി പരിഗണിച്ചത്. വാർത്തയെ തുടർന്ന് പ്രദേശത്തെ കൗൺസിലർമാരും വിവിധ സന്നദ്ധ സംഘടനകളും ചേർന്ന് റോഡിലെ കുഴികൾ പാറപ്പൊടിയിട്ട് നികത്തിയിരുന്നു.
കോടതിപ്പടിയിൽ ഗതാഗത ക്രമീകരണം വന്നതിനെ തുടർന്ന് നമ്പിയംകുന്ന് റോഡിലൂടെയുള്ള വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചിരുന്നു. എന്നാൽ കുത്തനെയുള്ള കയറ്റവും റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതും മൂലം യാത്രികർക്ക് ദുരിതമാണ്. തുക അനുവദിച്ച സ്ഥിതിക്ക് നടപടി വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
നമ്പിയംകുന്ന് റോഡിന്റെ ദുരവസ്ഥ സംബന്ധിച്ച് 'കേരളകൗമുദി" പ്രസിദ്ധീകരിച്ച വാർത്ത