പാലക്കാട്: 'ഡൈൻ ഇൻ ബൈ" കുടുംബശ്രീ ജില്ലാ മിഷൻ പ്രദർശന-വിപണന- ഭക്ഷ്യമേള ഇന്ന് മുതൽ 24 വരെ ചെറിയ കോട്ടമൈതാനത്ത് നടക്കും.
വ്യത്യസ്ത കരകൗശല വസ്തുക്കൾ, വർണ്ണ ശബളമായ കൈത്തറി വസ്ത്രങ്ങൾ, ഓർഗാനിക് സ്‌ക്വാഷുകൾ, ജാമുകൾ, തേൻ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, മനോഹരമായ ഹാന്റ് മെയ്ഡ് ആഭരണങ്ങൾ തുടങ്ങി അനേകം ഉല്പന്നങ്ങളാണ് മേളയിൽ ഉണ്ടാകുക

'അടുക്കള' എന്ന പേരിലൊരുക്കുന്ന ഫുഡ് കോർട്ടിൽ എട്ട് കഫേ ഗ്രൂപ്പുകൾ ഭക്ഷണം വിളമ്പും. വ്യത്യസ്തയിനം ജ്യൂസുകൾ കൊണ്ട് പട്ടാമ്പിയിൽ നടന്ന സരസ് മേളയിൽ ആളുകളുടെ മനം കവർന്ന കോഴിക്കോട് പുനർജന്മം ട്രാൻജെൻഡേഴ്‌സ് ഗ്രൂപ്പും മേളയിലുണ്ടാകും.

മലബാർ ദം ബിരിയാണി, രാമശേരി ഇഡലി, അട്ടപ്പാടി 'ഹെർബൽ ചിക്കൻ', ഗ്രാമീണ രുചിയിലൊരുക്കിയ ചിക്കൻ, ബീഫ്, മട്ടൻ എന്നിവയുടെ നിരവധി വിഭവങ്ങൾ, കടൽ- കായൽ വിഭവങ്ങൾ, ബിരിയാണി ഉൾപ്പെടെ 25ഓളം ചക്ക വിഭവങ്ങൾ, വിവിധയിനം പായസങ്ങൾ തുടങ്ങി കുടുംബശ്രീ വനിതകളുടെ കൈപ്പുണ്യം ഏവരുടെയും മനം കവരും.

രാജ്യത്തുടനീളം നടന്ന ദേശീയ മേളകളിൽ മികച്ച പ്രശംസ പിടിച്ചു പറ്റിയ കുടുംബശ്രീ കഫേ ഗ്രൂപ്പുകളാണ് ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കുന്നത്. കാഴ്ചയുടെയും രുചിയുടെയും വില്പനയുടെയും മാമാങ്കത്തിന് മാറ്റുകൂട്ടാൻ വൈകിട്ട് കലാപരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യം.