ചിറ്റൂർ: നല്ലേപ്പിള്ളി പന്നിപ്പെരുന്തല ക്ഷീരസംഘം തിരഞ്ഞെടുപ്പിൽ സി.പി.എം- കോൺഗ്രസ് സംഖ്യത്തിനെതിരെ ഒറ്റയ്ക്ക് മത്സരിച്ച് ജനതാദൾ (എസ്) അട്ടിമറി ജയം നേടി.
എൽ.ഡി.എഫിന്റെ നേതൃത്തിലുണ്ടായിരുന്ന ഭരണ സമിതിയിൽ നിന്ന് ജനതാ ദളിനെ ഒഴിവാക്കി സി.പി.എം കോൺഗ്രസുമായി സഖ്യം രൂപീകരിച്ച് മത്സരിക്കുകയായിരുന്നു. ബി.ജെ.പിയുടെ മൂന്നു സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ടായിരുന്നു. സി.പി.എം- കോൺഗ്രസ് പാനലിന് വേണ്ടി കോൺഗ്രസ് നേതാക്കൾക്ക് പുറമെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവരും സജീവമായി പ്രചരണ രംഗത്തുണ്ടായിരുന്നു.
ഇതിനെയെല്ലാം മറികടന്നാണ് ജനതാദൾ എസ് അട്ടിമറി ജയം നേടിയത്. ഒമ്പതംഗ പാനലിൽ ജനതാദളിന്റെ എട്ട് സ്ഥാനാർത്ഥികളും എതിർ പാനലിൽ നിന്ന് ഒരു വോട്ടിന്റെ വ്യത്യാസത്തിൽ ഒരാളും വിജയിച്ചു. ആകെ 113 വോട്ടിൽ 112 വോട്ടും പോൾ ചെയ്തു.
വിജയിച്ചവരും ലഭിച്ച വോട്ടും: ജനതാദൾ എസ്- വി.ഹക്കിം (55), ഭാസ്‌കരൻ (52), സുരേഷ് കുമാർ (52), സി.സുരേഷ് (50), എസ്.ഗീത (60), ആർ.രത്നമണി (58), സരോജിനി (56), എ.സതീഷ് (52). സി.പി.എം- കോൺ. സംഖ്യം- ജെ.ഭക്തവത്സലൻ (47).
തിരഞ്ഞടുക്കപ്പെട്ട അംഗങ്ങളുടെ യോഗം റിട്ടേണിംഗ് ഓഫീസറായിരുന്ന ഡയറി ഫാം ഇൻസ്ട്രക്ടർ പി.രാധികയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് പുതിയ പ്രസിഡന്റായി വി.ഹക്കീമിനെ തിരഞ്ഞെടുത്തു.