പാലക്കാട്: ഇന്ധന വില വർദ്ധിച്ചതോടെ സ്‌കൂൾ വാഹനങ്ങളുടെ വാടകയും കുത്തനെ കൂട്ടിയതിൽ നട്ടം തിരിയുകയാണ് രക്ഷിതാക്കൾ. സ്‌കൂൾ ബസുകൾക്ക് പുറമെ ഓട്ടോ തുടങ്ങിയ വാഹനങ്ങളുടെ വാടകയിലും വർദ്ധനയുണ്ട്. കിലോമീറ്ററിന് അനുസരിച്ചാണ് ഓരോ വാഹനവും വാടക ഈടാക്കുന്നത്.
ഓട്ടോയിൽ പോകുന്ന ഒരു വിദ്യാർത്ഥി കഴിഞ്ഞ തവണ 400 രൂപ കൊടുത്തിടത്ത് ഇപ്പോൾ 450 രൂപയാണ് കൊടുക്കുന്നത്. ഇത്തരത്തിൽ ദൂരം കൂടുന്നതിനനുസരിച്ച് 600 കൊടുത്തിരുന്നവർ നിലവിൽ 800 രൂപയാണ് കൊടുക്കുന്നത്. ബസുകളിൽ 650ൽ നിന്ന് 850 രൂപയാണ് പലയിടത്തും ഈടാക്കുന്നത്. ഓരോ സ്‌കൂളുകളിലെയും ബസ് വാടക വ്യത്യസ്തമാണ്.
കുടുംബത്തിൽ ഒരാളുടെ വരുമാനം കൊണ്ട് ജീവിക്കുന്നവർക്ക് സ്‌കൂൾ ഫീസിന് പുറമെ വാഹന വാടകയിലുണ്ടായ വർദ്ധനവ് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഒരു വീട്ടിൽ നിന്ന് രണ്ട് വിദ്യാർത്ഥികളുണ്ടെങ്കിൽ ചുരുങ്ങിയത് 1000 രൂപയെങ്കിലും മാറ്റിവയ്‌ക്കേണ്ട സ്ഥിതിയാണ്.
രണ്ട് മക്കളിൽ സ്‌കൂളിൽ പോകുന്ന മകന് ഓട്ടോ വാടകയ്ക്കായി മാസം 450 രൂപ മാറ്റിവയ്ക്കണം. ഭർത്താവിന്റെ വരുമാനം കൊണ്ടുമാത്രമാണ് ജീവിക്കുന്നത്. അടുത്ത വർഷം മുതൽ മകളും സ്‌കൂളിൽ പോകാൻ തുടങ്ങും. അപ്പോൾ സ്ഥിതി വീണ്ടും ബുദ്ധിമുട്ടാകും.
-അമ്പിളി, കൊടുവായൂർ
സ്‌കൂൾ ദൂരെയായതിനാൽ ബസിലാണ് മകൻ പോകുന്നത്. 850 രൂപയാണ് മാസ വാടക. ഇന്ധന വിലയിൽ ഉണ്ടാകുന്ന വർദ്ധനവ് സാധരണ കുടുംബത്തിന് താങ്ങാൻ കഴിയില്ല.
-റോസിലി, കുഴൽമന്ദം
ജില്ലയിലെ ആകെ സർക്കാർ സ്‌കൂളുകൾ- 332
എയ്ഡഡ് സ്‌കൂളുകൾ- 586
അൺഎയ്ഡഡ് സ്‌കൂളുകൾ- 87