kanja-arrest-baiju
ബൈജു

പാലക്കാട്: അടിപിടി, ബൈക്ക് മോഷണം, കവർച്ച, കഞ്ചാവുകത്ത് തുടങ്ങിയ നിരവധി കേസുകളിലെ പ്രതികളായ രണ്ടുപേരെ ഒന്നര കിലോ കഞ്ചാവുമായി ടൗൺ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. കുന്നത്തൂർ മേട് ചിറക്കാട് സ്വദേശികളായ തങ്കരാജു എന്ന ബൈജു, മുകേഷ് എന്ന മൂങ്ങ മുകേഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ശകുന്തള ജംഗ്ഷനിൽ നിന്നാണ് ഇവർ പിടിയിലായത്.

പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ മുക്കാൽ ലക്ഷം രൂപ വില വരും. തമിഴ്‌നാട്ടിലെ ദിണ്ടിഗല്ലിൽ നിന്നുമാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. ചെറിയ പായ്ക്കറ്റുകളിലാക്കി പാലക്കാട് നഗരത്തിലെ ഉപഭോക്താക്കൾക്ക് വില്പന നടത്തി വരികയായിരുന്നു. ചെറിയ പായ്ക്കറ്റിന് 300 മുതൽ 500 രൂപ വരെയാണ് ഈടാക്കുന്നത്. സ്‌കൂൾ, കോളേജ്, വിദ്യാർത്ഥികൾ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ചാണ് കച്ചവടം നടക്കുന്നത്.

രണ്ടുദിവസം മുമ്പ് ആറുകിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശിയെ പാലക്കാട് സ്റ്റേഡിയം സ്റ്റാന്റിൽ വെച്ച് പിടികൂടിയിരുന്നു. സംസ്ഥാനത്തേക്കുള്ള കഞ്ചാവ് കടത്ത് തടയുന്നതിനായി ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റ, നർകോട്ടിക് സെൽ ഡിവൈ.എസ്.പി ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലാണ് പ്രതികൾ വലയിലായത്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് തുടരന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

പിടിയിലായ തങ്കരാജു എന്ന ബൈജു പാലക്കാട് സൗത്ത്, മങ്കര സ്റ്റേഷനുകളിലായി പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മുകേഷ് സൗത്ത് സ്റ്റേഷനിലും, കൊടുങ്ങല്ലൂർ എക്‌സൈസ് സ്റ്റേഷനിലും കേസുകളിൽ പ്രതിയാണ്. പാലക്കാട് ടൗണിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരനാണ് ബൈജു. മൊബൈലിലേക്ക് വിളിക്കുന്ന ഉപഭോക്താക്കൾക്ക് ബൈക്കിലെത്തി നേരിട്ട് കഞ്ചാവ് കൈമാറുകയാണ് രീതി.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐമാരായ ആർ.രഞ്ജിത്ത്, എസ്.ജലീൽ, സി.പി.ഒമാരായ ആർ.കിഷോർ, എം.സുനിൽ, ആർ.അഹമ്മദ് കബീർ, ആർ.വിനീഷ്, ആർ.രാജീദ്, എസ്.ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.