പഴകിയതും മായം കലർന്നതുമായ ഭക്ഷണവും പാലും പിടികൂടി

എല്ലാ ഹോട്ടലുകളിൽ അജിനമോട്ടോ ഉപയോഗം കണ്ടെത്തി

ഒറ്റപ്പാലം:നഗരത്തിലെ ഭക്ഷണശാലകളിൽ സബ് കളക്ടറുടെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന. കാലാവധി കഴിഞ്ഞ പാൽ പാക്കറ്റുകളും ഭക്ഷണത്തിൽ ചേർക്കുന്ന മഞ്ഞ,ചുവപ്പ് കളറുകളും പിടിച്ചെടുത്തു. ഭക്ഷണങ്ങളിൽ അമിത അളവിൽ അജിനമോട്ടോയുടെ സാന്നിധ്യവും കണ്ടെത്തി.

രണ്ട് ഹോട്ടലുകൾക്ക് പിഴ ചുമത്തി. ഒറ്റപ്പാലം ടൗൺ, ഈസ്റ്റ് ഒറ്റപ്പാലം ഭാഗങ്ങളിലെ പത്ത് ഹോട്ടലുകളിലാണ് സബ് കളക്ടർ ജെറോമിക് ജോർജും സംഘവും ഇന്നലെ രാവിലെ മുതൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഷെയ്ക്ക് നിർമ്മിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി സൂക്ഷിച്ചിരുന്ന കാലാവധി കഴിഞ്ഞ 24 പാൽ പാക്കറ്റുകളാണ് കണ്ടെത്തിയത്. പരിശോധിച്ച ഹോട്ടലുകളിലെല്ലാം ഭക്ഷണത്തിൽ അജിനമോട്ടോ അമിത അളവിൽ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

മാംസാഹാരങ്ങളും പച്ചക്കറികളുമെല്ലാം ഒരേ ഫ്രീസറിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഹോട്ടലുകളുടെ അടുക്കളകൾ വൃത്തിഹീനമായ നിലയിലാണ്. ഭൂരിഭാഗം തൊഴിലാളികൾക്കും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുമില്ല. ഒറ്റപ്പാലത്തെ നിള, സിറ്റി കിംഗ് ഹോട്ടലുകൾക്കാണ് പിഴയടക്കാനുള്ള നോട്ടീസ് നൽകിയത്. ഹോട്ടലുകൾക്കെതിരെ കോടതി മുഖാന്തരമുള്ള നിയമ നടപടികളും സ്വീകരിക്കുമെന്ന് സബ് കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.