കൊല്ലങ്കോട്: ബൈപാസ് യാഥാർത്ഥ്യമാകുന്നത് വൈകുന്നത് മൂലം ടൗണിലെ ഗതാഗത കുരുക്ക് കൂടുന്നു. വാഹനങ്ങളെ വഴി തിരിച്ചുവിടുന്നതിന് ഏക ആശ്രമായ ആലമ്പള്ളം പാലം പ്രളയത്തെ തുടർന്ന് തകർന്നതോടെ സ്ഥിതി കൂടുതൽ വഷളായി.
എലവഞ്ചേരി, നെന്മാറ, പല്ലശ്ശന പ്രദേശത്ത് നിന്നും കൊല്ലങ്കോട് ടൗണിലെത്താതെ വാഹനങ്ങൾക്ക് ഊട്ടറയിലെത്തി പുതുനഗരം, ചിറ്റൂർ, കൊടുവായൂർ, പെരുവെമ്പ്, പാലക്കാട്, വണ്ടിത്താവളം എന്നിവിടങ്ങളിൽ എത്താൻ എളുപ്പ വഴിയും ബൈപാസ് കൂടിയാണ് ഗായത്രി പുഴയ്ക്ക് കുറുകെയുള്ള ആലമ്പള്ളം ഊട്ടറ പാത. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഇതുവഴി പോകാനാകാതെ കിലോമീറ്ററോളം ചുറ്റിയാണ് കൊല്ലങ്കോട് എത്തുന്നത്.
പ്രളയത്തെ തുടർന്നുള്ള കുത്തൊഴുക്കിൽ പാലത്തിന്റെ മുകൾ ഭാഗം തകർന്ന് മീറ്ററോളം ഗർത്തമായി മാറിയിരുന്നു. നടന്നു പോകാൻ കഴിയാത്ത വിധം തകർന്ന പാലത്തിൽ കുടുങ്ങിയ തടി കഷ്ണങ്ങളും മാലിന്യങ്ങളും എടുത്തുമാറ്റി ക്വാറി വേസ്റ്റ് ഇട്ട് വാഹനങ്ങൾക്ക് പോകാൻ പൊലീസ് സൗകര്യമൊരുക്കിയിരുന്നു.
മണ്ഡല കാലത്ത് ടൗണിൽ ഗതാഗതക്കുരുക്ക് പതിവാകുമ്പോൾ വാഹനങ്ങൾ തിരിച്ചുവിടുന്നത് ആലമ്പള്ളം വഴിയാണ്. പൊതുമരാമത്ത് വകുപ്പ്, ജനപ്രതിനിധികൾ എന്നിവർ വിഷയത്തിൽ നടപടി എടുക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.