ഒറ്റപ്പാലം: ബസ് സ്റ്റാന്റ് യാർഡിൽ ഇന്റർലോക്ക് ടൈൽ വിരിക്കാനാരംഭിച്ചു. ബസുകൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് വരാത്ത രീതിയിലാണ് സ്റ്റാന്റ് അടച്ചിടാതെയുള്ള പ്രവർത്തി ആരംഭിച്ചത്.
പഴയതും പുതിയതുമായ സ്റ്റാന്റുകളുടെ ഓരോ ഭാഗങ്ങളായി പണിനടത്തി എതിർവശം ബസുകൾക്കും യാത്രക്കാർക്കുമായി ഒഴിച്ചുനൽകുന്ന തരത്തിലാണ് നിർമ്മാണം. 700 ചതുരശ്രയടി വിസ്തീർണമുള്ള സ്ഥലത്താണ് ഇന്റർലോക്ക് ടൈലുകൾ വിരിക്കാനുള്ളത്. പുതിയ സ്റ്റാന്റിലെ 700 ചതുരശ്രയടിയോളം ടൈൽ നേരത്തെ വിരിച്ച് കഴിഞ്ഞതാണ്. 15 ദിവസത്തോളം സ്റ്റാന്റ് അടച്ചിട്ട് ഇന്റർലോക്ക് പതിക്കാനായിരുന്നു നഗരസഭാദ്ധ്യക്ഷന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്.
ഈ തീരുമാനത്തിനെതിരായി ഭൂരിഭാഗം ബസ് ഉടമകളും തൊഴിലാളികളും രംഗത്തെത്തിയിരുന്നു. തുടർന്നാണ് ബസ് ഉടമകളും കരാറുകാരനുമായി ചർച്ച നടത്തി ഓരോ ഭാഗങ്ങളായി നിർമ്മാണം നടത്താൻ തീരുമാനിച്ചത്. സ്റ്റാന്റിൽ ബസുകൾ പാർക്ക് ചെയ്യുന്നത് താത്ക്കാലികമായി വിലക്കിയിട്ടുണ്ട്. ഓരോ ബസുകളും യാത്രക്കാരെ കയറ്റാൻ നേരം മാത്രം സ്റ്റാന്റിലെത്തുന്ന തരത്തിലാണ് നിർമ്മാണ ക്രമീകരണമെന്ന് നഗരസഭാദ്ധ്യക്ഷൻ എൻ.എം.നാരായണൻ നമ്പൂതിരി അറിയിച്ചു.
പ്രവേശന കവാടങ്ങൾക്ക് സമീപത്തെ ഇന്റർ ലോക്ക് പതിക്കൽ നടക്കുമ്പോൾ മാത്രമേ ബസ് സ്റ്റാന്റ് അടച്ചിടൂ. വയറിംഗ് അടക്കമുള്ള നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കടമുറികളുടെ ആദ്യ ഘട്ടലേലവും പൂർത്തിയായി.
ഒറ്റപ്പാലം ബസ് സ്റ്റാന്റിൽ ടൈൽ വിരിക്കൽ പുരോഗമിക്കുന്നു