പാലക്കാട്: കെ.എസ്.ആർ.ടി.സി ഡിപ്പോ പുനർനിർമ്മാണത്തിനുള്ള പുതിയ രൂപ രേഖ എം.ഡി ടോമിൻ ജെ.തങ്കച്ചരി തത്ത്വത്തിൽ അംഗീകരിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ സൊസൈറ്റിയാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. രണ്ട് ഘട്ടങ്ങളിലായാണ് നിർമ്മാണം.
ആദ്യഘട്ടത്തിൽ 28 ബസുകൾക്ക് ഒരേ സമയം സർവീസ് നടത്താവുന്ന ബസ് ബേയുടെയും അന്തർ സംസ്ഥാന ടെർമിനലും ഉൾപ്പെടും. ആധുനിക സൗകര്യങ്ങളുള്ള കാത്തിരിപ്പ് കേന്ദ്രം, ടോയ്‌ലറ്റ് സമുച്ചയം, ടിക്കറ്റ്- എൻക്വയറി കൗണ്ടർ, ജീവനക്കാർക്കുള്ള വിശ്രമകേന്ദ്രം, ഓഫീസ് തുടങ്ങിയ അടിസ്ഥാന സൗകര്യം ഒരുക്കും. ഇതിന്റെ സ്ട്രക്ചറൽ ഡിസൈൻ നിർമ്മാണത്തിനുള്ള എസ്റ്റിമേറ്റ് എന്നിവ ഒരു മാസത്തിനകം സമർപ്പിക്കാൻ എം.ഡി നിർദേശിച്ചു.
എസ്റ്റിമേറ്റ് തയ്യാറാക്കി കഴിഞ്ഞാൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഭരണാനുമതിക്കും സാങ്കിതാനുമതിക്കുമായി നടപടി സ്വീകരിക്കും. ഇതേ സമയം തന്നെ മുനിസിപ്പൽ ടൗൺ പ്ലാനിംഗ് വിഭാഗങ്ങളിലെ അംഗീകാരവും ലഭ്യമാക്കും. ഡീറ്റെയിൽ പ്രോജക്ട് റിപ്പോർട്ടിന് അനുബന്ധമായി രണ്ടാംഘട്ട നിർമാണത്തിനുള്ള രൂപരേഖയും തയ്യാറാക്കും. 1500 സ്ക്വയർ ഫീറ്റിൽ കഫ്‌റ്റീരിയ, റസ്റ്റോറന്റുകൾ, മൂന്ന് സ്‌ക്രീനുകളിലായി 700 സീറ്റുകളുള്ള മൾട്ടി പ്ളക്സ് തീയേറ്ററുകൾ, മൾട്ടി ലെവൽ പാർക്കിംഗ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളും രണ്ടാംഘട്ടത്തിൽ ഉണ്ടാകും. ഇതിനുള്ള ഫണ്ട് പുറമെ നിന്നും കണ്ടെത്തും. കെട്ടിടത്തിന്റെ മെയിന്റനൻസ്, ക്ലീനിംഗ് തുടങ്ങിയവയും കരാറിന്റെ ഭാഗമാക്കി.
സംസ്ഥാനത്തെ ഏറ്റവും വൃത്തിയുള്ള ബസ് ഡിപ്പോകളിലൊന്നായി പാലക്കാട് ഡിപ്പോയെ മാറ്റും. ഡിജിറ്റൽ അറിയിപ്പുകളും മറ്റ് ഇല്‌ക്ടോണിക്സ് സംവിധാനങ്ങളും പ്രത്യേകതകളാകും. റെയിൽവേ സ്റ്റേഷനുകളിലെ സ്മാർട്ട് വെയിറ്റിംഗ് റൂമുകൾ മാതൃകയാക്കി ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങളും പരിഗണനയിലാണ്. അന്തർ സംസ്ഥാന ടെർമിനലിന്റെ നവീകരണത്തിന് എം.പി ഫണ്ട് വിനിയോഗിക്കും. നടപടി വേഗത്തിലായാൽ വരുന്ന വേനൽക്കാലത്തിന് മുമ്പ് തന്നെ നിർമ്മാണം ആരംഭിക്കും. വർഷങ്ങളായി പാലക്കാട് കാത്തിരുന്ന പ്രശ്നത്തിന് പരിഹാര സാധ്യതയാണ് ഇപ്പോൾ തെളിയുന്നത്.