പട്ടാമ്പി: തുലാം മാസം ഒന്നിനുള്ള രായിരനെല്ലൂർ മലകയറ്റം ഭക്തിനിർഭരമമായി. ഹർത്താൽ കാരണം തിരക്ക് പൊതുവെ കുറവായിരുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ ജ്ഞാനിയും പ്രധാനിയുമായ നാറാണത്ത് ഭ്രാന്തന് മലമുകളിൽ ദേവീദർശനം ലഭിച്ചതിന്റെ ഐതിഹ്യ സ്മരണ പുതുക്കി എല്ലാ വർഷവും തുലാം ഒന്നിനാണ് മലകയറ്റം.

മലമുകളിലും താഴെയും സി.ഐ രമേശിന്റെ നേതൃത്വത്തിൽ പൊലീസ് സുരക്ഷ ഒരുക്കി. ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സേവനവും മലമുകളിൽ ലഭ്യമായി. വള്ളുവനാട്ടിൽ തീർത്ഥാടന നാളുകൾക്ക് തുടക്കം കുറിക്കുന്നത പ്രധാന ചടങ്ങാണ് രായിരനെല്ലൂർ മലകയറ്റം.

സമുദ്ര നിരപ്പിൽ നിന്ന് 500 അടി ഉയരമുള്ള ചെങ്കുത്തായ മലമുകളിലെ നാറാണത്ത് ഭ്രാന്തന്റെ കൂറ്റൻ പ്രതിമയാണ് മലമുകളിലെ പ്രധാന ആകർഷണം. കൊപ്പം- വളാഞ്ചേരി റൂട്ടിൽ നടുവട്ടത്ത് ഇറങ്ങി പ്രധാന കവാടത്തിലൂടെ പടികൾ കറിയും ഒന്നാന്തിപ്പടിയിൽ ഇറങ്ങി ഒറ്റയടി പാതയിലൂടെയും ഭക്തർ മലകയറി.

ദർശനത്തിന് ശേഷം പ്രതിമയുടെ പിറക് വശത്തുകൂടി ഇറങ്ങാനുള്ള സൗകര്യവും ആളുകൾ ഉപയോഗപ്പെടുത്തി. തീർത്ഥാനടത്തിനെത്തുന്നവർ നാറാണത്ത് ഭ്രാന്തന്റെ പ്രതിമ വലം വച്ച് കാണിക്കയർപ്പിച്ചു. കാര്യസാധ്യത്തിന് പ്രത്യേക പൂജകളും വഴിപാടുകളും അർപ്പിച്ചാണ് ഭക്തർ മല ഇറങ്ങിയത്. കൈപ്പുറം ഭ്രാന്താചല ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും മുന്നോടിയായി മലമുകളിലെ ദേവീക്ഷേത്രത്തിൽ മൂന്നുദിവസം ലക്ഷാർച്ചനയും ഉണ്ടായി.

ട്രസ്റ്റ് ചെയർമാൻ മധൂസൂദനൻ ഭട്ടതിരിപ്പാട് കാർമ്മികത്വം വഹിച്ചു. വൃശ്ചികത്തിലെ കാർത്തിക നാളിലും ദേവീക്ഷേത്രത്തിൽ വിശേഷാൽ പൂജകളും അന്നദാനവും ഉണ്ടാകും.

രായിരനെല്ലൂർ മലമുകളിലെ നാറാണത്ത് ഭ്രാന്തന്റെ പ്രതിമയ്ക്ക് ചുറ്റും വലം വയ്ക്കുന്ന ഭക്തർ