പാലക്കാട്: ജില്ലയിൽ വാഹന പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ഒക്ടോബർ മാസത്തിൽ ഇതുവരെയായി ജില്ലയിൽ വിവിധ വകുപ്പുകളിലായി രജിസ്റ്റർ ചെയ്തത് അറുനൂറോളം കേസുകളാണ്. സെപ്തംബർ മാസത്തിൽ ജില്ലയിൽ 1008 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

സ്‌കൂൾ വിദ്യാർഥികൾക്ക് സുരക്ഷ ഒരുക്കുന്നതിനായി ജില്ലയിലെ വിവിധ സ്‌കൂളുകളുടെ പരിസരങ്ങളിൽ സ്‌ക്വാഡിന്രെ പ്രധാന പരിശോധന. നിലവിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും ഉൾപ്പെടെ ജില്ലയിൽ രണ്ട് ടീമുകളാണ് പ്രവർത്തിക്കുന്നത്. ഓരോ ടീമും വിവിധ സ്ഥലങ്ങളിലായി എല്ലാ ദിവസവും സജീവമാണെന്ന് ആർ.ടി.ഒ ടി.സി.വിനേഷ് അറിയിച്ചു. വിദ്യാർത്ഥികളെ കയറ്റാതെ പോവുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന ബസുകൾക്കെതിരെ കർശന നടപടിയെടുക്കും. കൂടാതെ ഡോർ തുറന്ന് ഓടിക്കുന്ന ബസുകൾ, സ്റ്റോപ്പിൽ നിന്ന് ആളുകളെ കയറ്റാത്ത ബസുകൾ, ഫിറ്റനസ് ഇല്ലാതെ ഓടുന്നവ, പെർമിറ്റ്, കാലാവധി എന്നിവ തീർന്നവ എന്നിവയ്ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം കേസുകളിൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി എടുക്കും. ദേശീയ പാതകളിൽ എതിർ ദിശയിൽ വാഹനം ഓടിക്കുക, ഹെൽമറ്റ്, ലൈസൻസ് എന്നിവ ഇല്ലാതെയും അപകടകരമായും ഓടിക്കുക, രജിസ്റ്റർ നമ്പർ തെറ്റായി പ്രദർശിപ്പിക്കുകയും വാഹനത്തിന് രൂപമാറ്റം വരുത്തുകയും ചെയ്യുക, റിയർ വ്യൂ മിറർ ഇല്ലാതെ ഓടിക്കുക എന്നിവ ശ്രദ്ധയിൽ പെട്ടാൽ നിയമ നടപടി സ്വീകരിക്കും.

മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലായി ജില്ലയിൽ 737 ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. 90 ഡെസി ബെല്ലിന് മുകളിൽ ശബ്ദം പുറപ്പെടുവിക്കുന്നതും അമിതമായ രീതിയിൽ ലേസർ ലൈറ്റുകൾ, സ്പോട്ട് ലൈറ്റുകൾ, റൊട്ടേറ്റിംഗ് ലൈറ്റുകൾ, സ്റ്റീരിയോ സ്പീക്കർ, ഡി ജെ സൗണ്ട് ബ്ലാസ്റ്റ് സിസ്റ്റം തുടങ്ങിയവ ഘടിപ്പിച്ചതുമായ മുന്നൂറിലധികം വാഹനങ്ങൾ പിടിച്ചെടുക്കുകയും അഴിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംവിധാനങ്ങളുള്ള ബസുകൾ പരിശോധിക്കാനുള്ള നടപടി ഉാർജിതമാക്കിയതായും ആർ.ടി.ഒ അറിയിച്ചു.

മണ്ണടിഞ്ഞ കൃഷിയിടങ്ങളിലെ പഠനം റിപ്പോർട്ട് കൈമാറി

പാലക്കാട്: പ്രളയത്തെ തുടർന്ന് രൂക്ഷമായ മണ്ണിടിച്ചിലുണ്ടായ മലമ്പുഴ മണ്ഡലത്തിലെ കൃഷിയിടങ്ങളിൽ ശാസ്ത്രീയ പഠനം നടത്തി റിപ്പോർട്ട് കൈമാറി. വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, ജിയോളജിസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പഠന റിപ്പോർട്ടിൽ കൃഷിനാശം സംഭവിച്ച ആളുടെ പേര്, സർവേ നമ്പർ, ഭൂവിസ്തൃതി, അടിഞ്ഞുകൂടിയ മണലിന്റെ അളവ്, മറ്റ് വിവരങ്ങൾ അടങ്ങിയിട്ടുണ്ട്. ഗ്രാഫുകളും സ്‌കെച്ചും സഹിതമടങ്ങിയ റിപ്പോർട്ട് പരിസ്ഥിതി നിയമസഭ സമിതിക്കും ജില്ലാ കലക്ടർക്കും സമർപ്പിച്ചിട്ടുണ്ട്.

കനത്ത മഴയിൽ തോടുകളിലൂടെയും പുഴകളിലൂടെയും കനാലുകളിലുടെയും ഒഴുകിയെത്തിയ മണ്ണും മണലും കൃഷിയിടങ്ങളിലും തരിശു നിലങ്ങളിലും അടിഞ്ഞു കൂടിയിട്ടുണ്ട്. ഹെക്ടർ കണക്കിന് പ്രദേശങ്ങളിലെ നെൽകൃഷി, വാഴ, തെങ്ങ്, കവുങ്ങ്, പച്ചക്കറി കൃഷികളാണ് ഇത്തരത്തിൽ മണ്ണടഞ്ഞതിനെ തുടർന്ന് നശിച്ചത്.

കനത്ത മഴയിൽ വെള്ളം കയറി ഒന്നാം വിള പതിരായി പോയതോടെ രണ്ടാം വിളയിറക്കാൻ നിലമൊരുക്കാനുള്ള ശ്രമത്തിലാണ് കർഷകർ. പലയിടങ്ങളിലും മണ്ണടിഞ്ഞ് പാടം നികന്നുപോയ അവസ്ഥയിലാണ്. കൃഷിയിടങ്ങളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാതെ തുടർ കൃഷി ചെയ്യാനാവാത്ത അവസ്ഥയുണ്ട്. ഉടൻ തന്നെ മണ്ണും മണലും നീക്കം ചെയ്ത് കൃഷിക്ക് അനുയോജ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു.

പ്രളയത്തെ തുടർന്ന് അടിഞ്ഞ് കൂടിയിട്ടുളള ഇത്തരം മണൽ ശേഖരത്തിൽ പല ചേരുവകളുണ്ടാകാമെന്നും കൃഷിക്ക് ഉപയോഗ പ്രദമായ തരത്തിൽ വളക്കുറുളള മണ്ണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉതകുന്ന തരത്തിലും തികച്ചും അനാരോഗ്യകരമായ പ്ലാസ്റ്റിക്ക് പോലുളള ചേരുവകളുണ്ടാകാം എന്നതിനാലും ഇത്തരം മണ്ണ് സാങ്കേതികമായി വേർതിരിച്ചെടുക്കേണ്ടതുണ്ടെന്നും പരിസ്ഥിതി നിയമസഭാ സമിതി ചെയർമാൻ മുല്ലക്കര രത്നാകരൻ എം.എൽ.എ നിർദേശിച്ചിരുന്നു. സർവ്വകലാശാലകൾ, ബന്ധപ്പെട്ട വകുപ്പുകൾ, പഞ്ചായത്തുകൾ എന്നിവ അതിൽ മുൻകൈ എടുക്കണമെന്ന് സമിതി ചെയർമാൻ നിർദേശം നൽകിയിരുന്നു.

കായിക മേള ഇന്നുമുതൽ

പാലക്കാട്: റവന്യൂ സ്‌കൂൾ കായിക മേള ഇന്നുമുതൽ 22 വരെ മുട്ടിക്കുളങ്ങര പൊലീസ് ഗ്രൗണ്ടിൽ നടക്കും. മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്ന ആൺകുട്ടികൾക്ക് പുതുപ്പരിയാരം സി.ബി.കെ.എം.ജി.എച്ച്.എസ്.എസിലും പെൺകുട്ടികൾക്ക് മുട്ടിക്കുളങ്ങര ജി.യു.പി.എസിലും താമസ സൗകര്യം ഒരുക്കിയതായി വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ: 9847799299.

യോഗം 25ന്

പാലക്കാട്: പട്ടികജാതി-വർഗ ക്ഷേമ നിയമസഭാ സമിതി 25ന് രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ബി.സത്യൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. എം.എൽ.എമാരായ സി.കെ.ആശ, ചിറ്റയം ഗോപകുമാർ, ഐ.സി.ബാലകൃഷ്ണൻ, ഒ.ആർ.കേളു, കോവൂർ കുഞ്ഞിമോൻ, എൻ.എ.നെല്ലിക്കുന്ന്, യു.ആർ.പ്രദീപ്, പുരുഷൻ കടലുണ്ടി, റോഷി അഗസ്റ്റിൻ, വി.പി.സജീന്ദ്രൻ എന്നീ അംഗങ്ങളും പങ്കെടുക്കും.

കൂടിക്കാഴ്ച 24ന്

പാലക്കാട്: ജില്ലയിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ ഇൻഫർമേഷൻ അസിസ്റ്റന്റ്/ സബ് എഡിറ്റർ നിയമനം നടത്തുന്നതിന് പാനൽ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് 24ന് എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടക്കും. രാവിലെ 11ന് എഴുത്തുപരീക്ഷയും സ്‌കിൽ ടെസ്റ്റും തുടർന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൂടിക്കാഴ്ചയും നടക്കും. അപേക്ഷകർ അതേ ദിവസം രാവിലെ 10.30ന് അനുബന്ധ രേഖകൾ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 04912505329.

ഭക്ഷ്യദിനാചരണം

പാലക്കാട്: പീപ്പിൽസ് സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കുടുംബശ്രീയുമായി ചേർന്ന് നടപ്പിലാക്കുന്ന ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല യോജന (ഡി.ഡി.യു-ജി.കെ.വൈ) പദ്ധതി പ്രകാരം ധോണിയിലെ സ്മാർട്ട് ട്രെയിനിങ് സെന്ററിൽ വെച്ച് ലോക ഭക്ഷ്യദിനം ആചരിച്ചു. പരിപാടിക്ക് പ്രതിഭ, മൃദുല, അഫ്‌സൽ, ജെൻസൻ നേതൃത്വം നൽകി.

ബാന്റ് പ്രദർശനം ഇന്ന്

പാലക്കാട്: പൊലീസ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് 20ന് ജില്ലയിലെ സ്‌കൂളുകളിലുളള ബാന്റ് ടീമുകളുടെ പ്രദർശന മത്സരം നടത്തും. ഫോൺ: 9497990089.

ബോർഡുകൾ നീക്കണം

മണ്ണാർക്കാട്: തെങ്കര പഞ്ചായത്ത് പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുളള പരസ്യ ബോർഡുകൾ ബന്ധപ്പെട്ടവർ അടിയന്തിരമായി നീക്കണം. അല്ലാത്ത പക്ഷം പഞ്ചായത്ത് നേരിട്ട് ബോർഡുകൾ നീക്കം ചെയ്ത് സ്ഥാപിച്ചവർക്കെതിരെ പിഴയും നിയമ നടപടിയും സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.