പട്ടാമ്പി: മതിയായ യാത്രക്കാരില്ലാത്തതും ഡീസൽ വില വർദ്ധനവും തൊഴിലാളി ക്ഷാമവും മൂലമുള്ള പ്രതിസന്ധിയും രൂക്ഷമായതിനെ തുടർന്ന് കൂടുതൽ സ്വകാര്യ ബസുകൾ ഓട്ടം നിറുത്തുന്നു. പട്ടാമ്പി- ഗുരുവായൂർ റൂട്ടിലെ 20ഓളം ബസുകളാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ സർവീസ് റദ്ദാക്കിയത്.
പ്രളയത്തെ തുടർന്ന് മേലെ പട്ടാമ്പി പാലം വഴി ഗതാഗതം നടത്താനാവാതെ വന്നതിനെ തുടർന്ന് ഏതാനും ബസുകൾ സർവീസ് നിറുത്തിയിരുന്നു. ഇതിന് പുറമെ റോഡിന്റെ ശോചനീയാവസ്ഥ മൂലം കൃത്യസമയത്ത് ബസുകൾക്ക് ഓടിയെത്താനാകാത്തതും വർദ്ധിക്കുന്ന ഗതാഗതകുരുക്കും ഇവർക്ക് പ്രതികൂലമായി മാറുന്നു. ട്രാഫിക് കുരുക്കിൽപ്പെട്ടുന്നതോടെ ഒരേ ലൈനിൽ നാലും അഞ്ചും ബസുകൾ ഒന്നിന് പുറകെ ഒന്നായി പോവേണ്ടി വരുന്നതും നഷ്ടമുണ്ടാക്കുന്നു.
പ്രളയത്തെ തുടർന്ന് നിർമ്മാണ മേഖലയിലും കാർഷിക മേഖലയിലും വരുമാനവും കുറഞ്ഞതോടെ അനുബന്ധ മേഖലയിൽ തൊഴിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതോടെ യാത്രക്കാരുടെ എണ്ണം പൊതുവെ കുറവാണ്. മിക്കയാളുകളും ബസുകൾ കൃത്യസമയത്ത് ലഭിക്കാത്തതിനാൽ ടു വീലറിനെയാണ് ആശ്രയിക്കുന്നത്. ഇതും സ്വകാര്യ ബസുകൾക്ക് തിരിച്ചടി ഉണ്ടാക്കുന്നു.
ഇടയ്ക്കിടെ ഉണ്ടാവുന്ന ഹർത്താലുകളും മറ്റും ബസ് ജീവനക്കാരുടെ വരുമാനത്തെ ബാധിക്കുന്നു. മുഖ്യ റൂട്ടുകൾക്ക് പുറമെ ഉൾപ്രദേശങ്ങളിലേക്കും ബസ് സർവീസ് കുറയുകയാണ്. വാഹനങ്ങൾ ഓടിക്കിട്ടുന്ന പണം എണ്ണയടിക്കാൻ പോലും ലഭ്യമാവാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ ബസ് ജീവനക്കാരുടെ വേതനം പോലും കുറയുകയാണ്. നഷ്ടം സഹിച്ച് ബസ് ഓടിക്കുക എന്നത് ശാശ്വതമല്ലെന്നും വരും കാലങ്ങളിൽ ഇനിയും ബസുകൾ കുറയാൻ സാദ്ധ്യതയുണ്ടെന്നുമാണ് തൊഴിലാളികളും ബസുടമകളും പറയുന്നു.