പാലക്കാട്: പോൾ വാൾട്ടിൽ തുടർച്ചയായി അഞ്ചാം തവണയും സ്വർണമണിഞ്ഞാണ് എം.വിനീത് ജില്ലാ സ്കൂൾ മീറ്റിൽ നിന്ന് പടിയിറങ്ങുന്നത്. കല്ലടി എച്ച്.എസ്.എസിലെ ഈ താരം എട്ടാം ക്ലാസുമുതൽ സ്കൂൾ മീറ്റുകളിൽ സജീവമായിരുന്നു. പ്ലസ് ടു ബയോളജി സയൻസ് വിദ്യാർത്ഥിയായ വിനീത് സീനിയർ ആൺകുട്ടികളുടെ പോൾ വാൾട്ടിലാണ് എതിരാളികളെ വലിയ വ്യത്യാസത്തിൽ പിന്നിലാക്കി സ്വർണം പറന്നെടുത്തത്. കഴിഞ്ഞ തവണ നാഷണൽ മീറ്റിൽ പോൾവാൾട്ടിൽ വിനീതിന് സ്വർണം ലഭിച്ചിരുന്നു. അട്ടപ്പാടി താവളം സ്വദേശിയായ താരം എട്ടാം ക്ലാസ് മുതൽ പരിശീലകൻ കെ.പി.സന്തോഷ് കുമാറിന്റെ കീഴിൽ പാലയിലുള്ള ജെയിംസ് അക്കാഡമിയിലാണ് പരിശീലനം നടത്തുന്നത്. സ്കൂൾ മേളയോട് വിടപറഞ്ഞാലും ഭാവിയിൽ കോളേജ് പഠനത്തിലും പരിശീലനം തുടരുമെന്ന് വിനീത് പറഞ്ഞു. കരാർ തൊഴിലാളിയായ മുരുകൻ നിഷ ദമ്പതികളുടെ ഏകമകനാണ് വിനീത്.