ഒറ്റപ്പാലം: വാടക മുറിയിൽ നിന്ന് കെ.എസ്.ഇ.ബി ഒറ്റപ്പാലം സെക്ഷൻ പുതിയ കെട്ടിടത്തിലേക്ക്. പതിനഞ്ച് ലക്ഷം രൂപ ചെലവിൽ പ്രീഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പത്തൊമ്പതാം മൈലിൽ നിർമ്മിച്ച കെട്ടിടത്തിലേക്കാണ് മാറുന്നത്. 2015 ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ താത്കാലിക ഭവനങ്ങളൊരുക്കാൻ ഉപയോഗിച്ച പ്രീഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കെ.എസ്.ഇ.ബി പുതിയ സെക്ഷൻ ഓഫീസ് നിർമ്മിച്ചിട്ടുള്ളത്.
ദേശീയ ഗെയിംസിലെ താത്കാലിക കെട്ടിടങ്ങളെല്ലാം നിർമ്മിച്ചത് സ്റ്റീൽ സ്ട്രക്ച്ചറിൽ ഘടിപ്പിച്ച പ്രീഫാബ് ഉത്പന്നങ്ങൾ കൊണ്ടായിരുന്നു. കെട്ടിടത്തിന്റെ ഭിത്തികൾ രണ്ടിഞ്ച് വലിപ്പമുള്ള ഈ ഉത്പന്നം കൊണ്ടാണ് സെറ്റ് ചെയ്തത്. ഇതിനുള്ളിൽ സ്‌പോഞ്ചിന്റെ പാളിയുള്ളതിനാൽ മുറിക്കകത്ത് ആവശ്യത്തിന് തണുപ്പുണ്ടാകുമെന്നതാണ് പ്രത്യേകത. ഗെയിംസ് പൂർത്തിയായതോടെ ആവശ്യം കഴിഞ്ഞ താൽകാലിക കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയിരുന്നു. ഇവ ഒറ്റപ്പാലത്തെത്തിച്ച് കെ.എസ്.ഇ.ബി തന്നെയാണ് കെട്ടിട നിർമാണം നടത്തിയത്.
നിലവിൽ നഗരസഭയുടെ മാർക്കറ്റ് കോംപ്ലക്‌സിന്റെ രണ്ടാംനിലയിൽ വാടകയ്ക്കാണ് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. ഇനിമുതൽ വൈദ്യുതി ബില്ലുകളടക്കുന്നതടക്കമുള്ള സേവനങ്ങളെല്ലാം തന്നെ പുതിയ ഓഫീസിലേക്ക് മാറും. പാലക്കാട് കുളപ്പുള്ളി പാതയിൽ നിന്നും അര കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചുവേണം ഓഫീസിലെത്താൻ. ഇത് ബില്ലടക്കാനും മറ്റുമെത്തുന്ന പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകും.എന്നാൽ കെ.എസ്.ഇ.ബിയുടെ ഓൺലൈൻ ബില്ലിംഗ് സേവനം ജനങ്ങൾക്ക് ഉപയോഗിക്കാമെന്നാണ് വൈദ്യുതി വകുപ്പ് അധികൃതർ പറയുന്നത്.