പാലക്കാട്: പങ്കെടുത്ത മൂന്ന് ഇനത്തിൽ രണ്ട് സ്വർണവും ഒരു വെള്ളി നേടിയ പറളി ഉപജില്ലയ്ക്ക് വിലപ്പെട്ട പോയിന്റുകൾ നേടിക്കൊടുത്തതിന്റെ സന്തോഷത്തിലാണ് പറളി എച്ച്.എസ്.എസിലെ എ.അജിത്ത്. സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിലും ഹർഡിൽസ് (110) ലും സ്വർണം നേടിയ താരം ലോംഗ് ജമ്പിൽ സ്വർണത്തോളം തിളക്കമുള്ള വെള്ളിയണിഞ്ഞാണ് അവസാന ജില്ലാ മീറ്റിനോട് വിട പറഞ്ഞത്.

തുടർച്ചയായി മൂന്നാം തവണയാണ് ജില്ലാ സ്‌കൂൾ കായിക മേളയിൽ ഹർഡിൽസ് അജിത്ത് സുവർണ നേട്ടം ആവർത്തിക്കുന്നത്. അഞ്ചാം ക്ലാസ് മുതൽ പരിശീലനം ആരംഭിച്ച അജിത്തിന്റെ പരിശീലകൻ പി.ജി.മനോജാണ്. പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയാണ്. ട്രിപ്പിൾ ജമ്പിൽ കഴിഞ്ഞ തവണ സംസ്ഥാന മീറ്റിൽ രണ്ടാംസ്ഥാനവും നാഷണൽ മീറ്റിൽ മൂന്നാംസ്ഥാനവും നേടി. പറളി അയ്യർമല കണ്ടുമാരി വീട്ടിൽ അപ്പുക്കുട്ടൻ ശ്രീദേവി ദമ്പതികളുടെ മകനാണ് അജിത്ത്. സഹോദരി: ആതിര. അവസാന ജില്ലാ സ്‌കൂൾ കായിക മേളയിൽ പങ്കെടുത്ത മത്സരൾക്കെല്ലാം നേട്ടം കൈവരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അജിത്ത്.