ചെർപ്പുളശ്ശേരി: യാത്രക്കാരുടെ നടുവൊടിച്ച് ചെർപ്പുളശ്ശേരി - പട്ടാമ്പി റോഡ്. കുഴികൾ നിറഞ്ഞ റോഡ് മഴ പെയ്തതോടെ ചെളിക്കുളമായി. ചെർപ്പുളശ്ശേരി മുതൽ വല്ലപ്പുഴവരെയാണ് ഈ യാത്രാദുരിതം. റോഡ് ഉടൻ നവീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടിയായിട്ടില്ല.
ഒരു മാസം മുമ്പ് റോഡിലെ വലിയ ഗർത്തങ്ങൾ അടച്ചിരുന്നെങ്കിലും മഴ പെയ്തതോടെ മെറ്റൽ ഒലിച്ചുപോയി വീണ്ടും കുഴിയായി. ഇപ്പോൾ റോഡിൽ പല ഭാഗത്തും വെള്ളക്കെട്ടും രൂപപെട്ടിട്ടുണ്ട്. ചെർപ്പുളശ്ശേരി ടൗൺ മുതൽ തുടങ്ങുന്നു റോഡിൽ മഞ്ചക്കൽ, നെല്ലായ, കൃഷ്ണപ്പടി, പേങ്ങാട്ടിരി, തെങ്ങും വളപ്പ് എന്നിവിടങ്ങളിലെല്ലാം മാസങ്ങളായി തകർന്നു കിടക്കുകയാണ്. സ്വകാര്യ ബസുകൾ ഉൾപ്പടെ സ്ഥിരമായി റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കെല്ലാം വർക്ക്‌ഷോപ്പിൽ നിന്നും ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ആളുകൾ പറയുന്നു. മാത്രമല്ല ഇന്ധന നഷ്ടവും ഇരട്ടിയായിട്ടുണ്ട്. കുഴികൾ വെട്ടിക്കുമ്പോൾ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.
റോഡിന്റെ നവീകരണം സംബന്ധിച്ച് അധികൃതരും കൃത്യമായ മറുപടി നൽകുന്നില്ല. നേരത്തെ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകാർ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് സമരം പിൻവലിക്കുകയായിരുന്നു. എന്നാൽ അതിനു ശേഷവും റോഡിൽ പ്രവർത്തികളൊന്നും നടന്നിട്ടില്ല.
കുണ്ടും കുഴിയും നിറഞ്ഞ് ചെളിക്കുളമായി കിടക്കുന്ന ചെർപ്പുളശ്ശേരി പട്ടാമ്പി റോഡ്