തൊട്ടു പിന്നിൽ മണ്ണാർക്കാട്
സ്കൂളുകളിൽ കുമരംപുത്തൂരും പറളിയും തമ്മിൽ പോരാട്ടം കനക്കുന്നു
സി.ആർ.അബ്ദുൾ റസാഖും എസ്.ആര്യയും മീറ്റിലെ വേഗതയേറിയ താരങ്ങൾ
പാലക്കാട്: ജില്ലാ സ്‌കൂൾ കായികമേള ഇന്ന് സമാപിക്കുമ്പോൾ ഓവറോൾ ചാമ്പ്യൻഷിപ്പിനായുള്ള പോരാട്ടം കനക്കുന്നു. ആദ്യദിനത്തിലെ മുൻതൂക്കം പറളി ഉപജില്ല രണ്ടാംദിനവും നിലനിർത്തുന്ന കാഴ്ചയ്ക്കാണ് ഇന്നലെ മുട്ടിക്കുളങ്ങര പൊലീസ് ഗ്രൗണ്ട് സാക്ഷിയായത്. 173 പോയിന്റ് നേടി പറളി ഉപജില്ലയാണ് ഓവറോൾ ചാമ്പ്യൻഷിപ്പിനായുള്ള പോരാട്ടത്തിൽ മുന്നിൽ. 135 പോയിന്റ് നേടി മണ്ണാർക്കാടും 86 പോയിന്റ് നേടി പാലക്കാടും യഥാക്രമം രണ്ടും മൂന്നൂം സ്ഥാനത്തുണ്ട്.
സ്‌കൂളുകളുടെ കാര്യത്തിൽ 122 പോയിന്റ് നേടി കുമരംപുത്തൂർ കെ.എച്ച്.എസ് മന്നോട്ട് കുതിക്കുകയാണ്. 102 പോയിന്റ് നേടി പറളി എച്ച്.എസും തൊട്ടുപിറകെയുണ്ട്. ഇന്ന് നടക്കാനിരിക്കുന്ന ഇനങ്ങളിൽ പറളിക്ക് ആധിപത്യമുള്ള ഇനങ്ങളായതിനാൽ അവസാന ദിവസം പോയിന്റ് പട്ടികയിൽ മാറ്റങ്ങൾക്ക് സാദ്ധ്യതയുണ്ട്. 51 പോയിന്റ് നേടി കുഴൽമന്ദം മാത്തൂർ സി.എഫ്.ഡി.വി എച്ച്.എസ് മൂന്നും 27 പോയിന്റ് വീതം നേടി പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ് നാലാം സ്ഥാനത്തും നിൽക്കുന്നു. മേളയിലെ ഗ്ലാമർ പോരാട്ടമായ 100 മീറ്ററിൽ ചേട്ടൻമാരെക്കാളും മികച്ച സമയം കുറിച്ചത് അനിയന്മാരായിരുന്നു. ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ 10.94 സെക്കന്റിൽ മത്സരം ഫിനിഷ് ചെയ്ത് മാത്തൂർ സി.എഫ്.ഡി.വി എച്ച്.എസിലെ അബ്ദുൾ റസാഖും സീനിയർ പെൺകുട്ടികളിൽ കെ.എച്ച്.എസ് കുമരംപുത്തൂരിലെ എസ്.ആര്യയും (12.60 സെക്കന്റ്) മീറ്റിലെ വേഗതയേറിയ താരങ്ങളായി.
നടത്ത മത്സരത്തോടെയാണ് രണ്ടാം ദിനം ആരംഭിച്ചത്. 189 സ്‌കൂളുകളിൽ നിന്നായി 2000 കായികതാരങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.